റഷ്യയിൽ ജനസംഖ്യ കുത്തനെ കുറയുകയാണ്. ഇതിനെ നേരിടാനായി ഭരണകൂടം പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ജോലിസ്ഥലത്തെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ സെക്സ് മന്ത്രാലയം വരെ രൂപീകരിക്കാനുള്ള നീക്കത്തിലാണ് സർക്കാരെന്ന നിലയിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
ജനസംഖ്യ കൂട്ടാൻ വിചിത്ര നിർദേശങ്ങൾ
രാജ്യത്തെ ജനസംഖ്യ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യൻ ഉദ്യോഗസ്ഥർ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ദമ്പതികൾക്കിടയിൽ കൂടുതൽ അടുപ്പമുണ്ടാക്കാനായി രാത്രി പത്തിനും പുലർച്ചെ രണ്ടിനുമിടയിൽ വീട്ടിലെ ഇന്റർനെറ്റും ലൈറ്റുകളും ഓഫാക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് നിർദേശങ്ങളിലൊന്നാണ്.
കപ്പിൾസിന് അവരുടെ ആദ്യ ഡേറ്റിന് സർക്കാരിൽ നിന്ന് 5,000 റൂബിൾ (4,302 രൂപ) വരെ നൽകാനും നിർദേശിക്കുന്നു. ഗർഭധാരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദമ്പതികൾക്ക് ആദ്യരാത്രി ഹോട്ടൽ ചെലവുകൾ 26,300 റൂബിൾ (22,632 രൂപ) നൽകണമെന്നും ഉദ്യോഗസ്ഥർ ശുപാർശ ചെയ്യുന്നു.
വീട്ടുജോലികൾ ചെയ്യാൻ വേണ്ടി ജോലിക്ക് പോകാത്ത അമ്മമാർക്ക് പണം നൽകുക, പെൻഷൻ നൽകുകയെന്നതും നിർദേശങ്ങളിൽപ്പെടുന്നു. രാജ്യത്തൊട്ടാകെയല്ലാതെ, ജനസംഖ്യ കൂട്ടാനായി ചില പ്രദേശങ്ങളിൽ പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. ഖബറോവ്സ്‌കിൽ, 18 നും 23 നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് ഒരുകുഞ്ഞുണ്ടാകുന്നതിനുള്ള പ്രോത്സാഹനമായി 900 പൗണ്ട് (98,029 രൂപ) വാഗ്ദാനം ചെയ്യുന്നു. ചെല്യാബിൻസ്‌കിൽ 8,500 പൗണ്ട് (9.26 ലക്ഷം രൂപ) ആണ് നൽകുന്നത്.
നേരത്തെ, മന്ത്രി ഡോ.യെവ്‌ജെനി ഷെസ്റ്റോപാലോവ് റഷ്യക്കാരോട് അവരുടെ ജീവിതത്തിൽ 'സെക്സ് അറ്റ് വർക്ക്‌പ്ലേസ്' പദ്ധതി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ കുടുംബ സംരക്ഷണ സമിതിയുടെ മേധാവിയുമായ 68 കാരിയായ നീന ഒസ്റ്റാനിന 'ലൈംഗിക മന്ത്രാലയം' രൂപീകരിക്കണമെന്ന നിവേദനം പരിഗണിച്ചുവരികയാണ്. ഗ്ലാവ്പിആർ ഏജൻസിയാണ് ഈ ഹർജി സമർപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സ്ത്രീകൾക്കായി സർവേ
മോസ്‌കോയിൽ, വനിതാ പൊതുമേഖലാ ജീവനക്കാർക്കിടയിൽ സർവേ നടത്തിയിരുന്നു. തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് ഇതിലുണ്ടായിരുന്നത്. എപ്പോഴാണ് ലൈംഗികമായി ആക്ടീവാകുന്നത് ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടോ? വന്ധ്യതയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ അല്ലെങ്കിൽ മുൻകാല ഗർഭധാരണങ്ങൾ? വരും വർഷത്തിൽ കുട്ടികൾ ഉണ്ടാകാൻ പദ്ധതിയിട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഇതിലുൾപ്പെടുന്നു.
സർവേയിൽ പങ്കെടുക്കാത്തവരുണ്ടെങ്കിൽ അവർ നിർബന്ധമായും ഡോക്ടറെ കാണണം. സർവേയിൽ ചോദിച്ച അതേ ചോദ്യങ്ങൾക്ക് ഡോക്ടർക്ക് മറുപടി നൽകണം. കുട്ടികൾ ഉണ്ടാകാതിരിക്കാൻ പ്രോത്സാഹനം നൽകുന്നതിന് ആയിരക്കണക്കിന് ഡോളറിന് തുല്യമായ പിഴ ഈടാക്കുന്ന ഒരു പുതിയ നിയമത്തിനായി റഷ്യൻ പാർലമെന്റ് നേരത്തെ ചർച്ച ചെയ്തിരുന്നു. കുട്ടികൾ ഉണ്ടാകാതിരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന മാദ്ധ്യമങ്ങളെയും ഓൺലൈൻ ഉള്ളടക്കത്തെയും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.
മോസ്‌കോയിൽ സ്ത്രീകൾക്കായി സൗജന്യ ഫെർട്ടിലിറ്റി ടെസ്റ്റിംഗ് പ്രോഗ്രാം ആരംഭിച്ചു. ഇതുവരെ 20,000 പേർ പങ്കെടുത്തു.
ഇരുപത്തിയഞ്ച് വർഷത്തിനിടയിലെ കുറഞ്ഞ ജനന നിരക്ക്
റഷ്യയുടെ ജനന നിരക്ക് കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 2024 ന്റെ ആദ്യ പകുതിയിൽ റഷ്യയിൽ 5,99,600 കുട്ടികൾ ജനിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 16,000 കുറവ് ആണ് ഇത്തവണത്തെ ജനന നിരക്ക്. 1999 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
യുക്രെയ്നുമായുള്ള നീണ്ട യുദ്ധത്തിലാണ് റഷ്യയിൽ ഈ ജനസംഖ്യാ മാന്ദ്യം സംഭവിക്കുന്നത്. 'യുദ്ധം അതിന്റെ മൂന്നാം വർഷവും തുടരുകയും ഇപ്പോൾ റഷ്യൻ പ്രദേശത്തെ നേരിട്ട് ബാധിക്കുകയും ചെയ്‌തു, സാമ്പത്തികമായി മാത്രമല്ല. അതിർത്തി പ്രദേശങ്ങളിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിലായതിനാൽ, കുട്ടികൾ ജനിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ കുടുംബങ്ങൾ വൈകിപ്പിക്കുന്നു,' യുറേഷ്യയിലെ കൺട്രി റിസ്‌ക് അനലിസ്റ്റ് അലക്സ് കോക്ചറോവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |