രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളിലൊന്നാണ് ഗോവ. ദശാബ്‌ദങ്ങളായി സന്ദർശകർ ഇവിടേക്ക് ഒഴുകിയെത്തുന്നു. ബീച്ചുകൾ മുതൽ സാംസ്‌കാരിക അടയാളങ്ങൾ വരെ ഗോവയിലെ ഓരോ കാഴ്‌ചയും സന്ദർശകരെ ആകർഷിക്കുന്നതാണ്. എന്നാൽ, ഇപ്പോൾ പഴയ അവസ്ഥയല്ല. ഗോവയിലേക്കുള്ള അന്താരാഷ്‌ട്ര സന്ദർശകരുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുകയാണ്.
60 ശതമാനത്തിലധികം വരുന്ന ഈ സന്ദർശകരുടെ കുറവ് ഗോവയിലെ പ്രാദേശിക ബിസിനസുകാരെ പോലും ആശങ്കാകുലരാക്കുകയാണ്. പ്രാദേശിക ദിനപത്രമായ ഒഹെറാൾഡോയിലെ റിപ്പോർട്ട് പ്രകാരം, 2019ൽ 9.4 ലക്ഷം വിദേശ വിനോദസഞ്ചാരികളാണ് ഗോവയിലെത്തിയത്. എന്നാൽ, 2023 ആയപ്പോൾ ഇത് 4.03 ലക്ഷമായി കുറഞ്ഞു. ഈ തകർച്ച സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പോലും നിർണായകമായി ബാധിച്ചു.
'വിദേശ സഞ്ചാരികളെല്ലാം ഗോവ ഉപേക്ഷിച്ചു. വർഷം തോറും ഗോവ സന്ദർശിച്ചിരുന്ന റഷ്യക്കാരും ബ്രിട്ടീഷുകാരുമെല്ലാം പകരം ശ്രീലങ്കയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത് ' - സംരംഭകനായ രാമാനുജ് മുഖർജി എക്‌സിൽ കുറിച്ചു. രണ്ട് ദശലക്ഷത്തിലധികം പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടത്.
വിദേശ സഞ്ചാരികൾ അകലാൻ കാരണം
ഗോവയിലെ 'ടാക്‌സി മാഫിയ'കളാണ് വിനോദ സഞ്ചാര വ്യവസായം നശിക്കാനുള്ള ഒരു പ്രധാന കാരണം. സംസ്ഥാനത്തെ ടാക്‌സി സേവനങ്ങളിൽ ആധിപത്യം പുലർത്തുന്ന ഒരു ശക്തമായ സംഘമാണവർ. പലപ്പോഴും വിനോദ സഞ്ചാരികൾക്കും അവിടെ താമസിക്കുന്നവർക്കും ബുദ്ധിമുട്ടായി മാറുകയാണ് ഈ ടാക്‌സി മാഫിയ സംഘങ്ങൾ.
സ്വയം വർദ്ധിപ്പിച്ച നിരക്ക്, മീറ്റർ ഉപയോഗിക്കാതിരിക്കുക, സർക്കാർ നിയന്ത്രണങ്ങളെ അവഗണിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ കുപ്രസിദ്ധരാണ് ഗോവയിലെ ടാക്‌സി സംഘം. ഇവർ പല വിനോദ സഞ്ചാരികൾക്കും പ്രത്യേകിച്ച് വിദേശികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അവർക്ക് അമിതമായ തുക ഡ്രൈവർമാർക്ക് നൽകേണ്ടി വരുന്നു.
'പ്രാദേശിക ടാക്‌സി മാഫിയയും ഭരണ നിർവഹണത്തിന്റെ അലംഭാവവും കാരണമാണ് ഗോവ നശിച്ചത് ', ഒരു എക്‌സ് ഉപഭോക്താവ് കുറിച്ചു. ചില വിനോദ സഞ്ചാരികൾ ഡ്രൈവർമാരോട് ന്യായത്തിന്റെ ഭാഷയിൽ തർക്കിക്കുമ്പോൾ പലപ്പോഴും ഭീഷണിയാണ് മറുപടിയായി വരുന്നത്. ഭയക്കുന്ന സന്ദർശകർ പിന്നീട് അവിടേക്ക് വരാതെയാകുന്നു. ജർമനിക്കാരനായ തന്റെ സുഹൃത്തിനെ വിളിക്കാൻ കാറിൽ ഗോവൻ ബീച്ചിലെത്തിയപ്പോഴുണ്ടായ ദുരനുഭവം ഒരു എക്‌സ് ഉപഭോക്താവ് അടുത്തിടെ കുറിച്ചിരുന്നു. പത്തിലധികം ടാക്‌സി ഡ്രൈവർമാർ അവിടേക്കെത്തി ഇയാളെ ഭീഷണിപ്പെടുത്തി. തന്റെ സുഹൃത്തിൽ നിന്നും 37 കിലോമീറ്റർ സഞ്ചരിക്കാൻ 18,000 രൂപ ഇവർ വാങ്ങി. അതിന് പിന്നാലെയാണ് തിരികെ വിളിക്കാൻ കാറിലെത്തിയതെന്നും അദ്ദേഹം കുറിച്ചു.
'ഒരിക്കൽ ഗോവയിലൂടെ കാറിൽ പോയ ഞങ്ങൾ ഒരു വിദേശിക്ക് ലിഫ്റ്റ് നൽകി. ഉടനെ ഏതോ ഒരു ടാക്‌സിക്കാരൻ ഞങ്ങളെ തടഞ്ഞുനിർത്തി. അയാളെ ഇറക്കിവിട്ടില്ലെങ്കിൽ കാർ തകർക്കുമെന്ന് പറഞ്ഞു. ഇത്രയും മോശമായാണ് ടാക്‌സി മാഫിയ പെരുമാറുന്നത്. ഇവർ നാട് നശിപ്പിക്കും', ഒരു പ്രദേശവാസി എക്‌സിൽ കുറിച്ചു.
ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന വിനോദസഞ്ചാര നഗരങ്ങളിലും ഒല, ഊബർ തുടങ്ങിയ റൈഡ് - ഹെയ്‌ലിംഗ് സേവനങ്ങളുടെ അഭാവമുള്ളതിനാൽ സാഹചര്യം കൂടുതൽ വഷളാകുന്നു. 2014ൽ ഒല ഗോവയിൽ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ടാക്‌സി യൂണിയനുകൾ പണിമുടക്കി. തുടർന്ന് ആപ്പുകൾ തടയാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പരിമിതമായ ഗതാഗത സംവിധാനങ്ങൾ മാത്രം ഉള്ളതിനാൽ, വിനോദസഞ്ചാരികൾക്ക് മറ്റൊരു വഴി ഇല്ലാതെയായി. അങ്ങനെ അതൃപ്‌തികരമാണെങ്കിലും അവർക്ക് ടാക്‌സി മാഫിയകളെ ആശ്രയിക്കേണ്ടി വന്നു.
ജിയോപൊളിറ്റിക്കൽ ഘടകം
റഷ്യ - യുക്രെയിൻ സംഘർഷവും ഇസ്രയേൽ - പലസ്‌തീൻ അശാന്തിയും ഈ പ്രദേശങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറച്ചു. മുമ്പ് റഷ്യയിൽ നിന്ന് ദിവസേന കുറഞ്ഞത് അഞ്ച് ചാർട്ടർ ഫ്ലൈറ്റുകൾ എത്തിയിരുന്നു. എന്നാൽ, ഇപ്പോൾ വളരെ കുറച്ച് വിമാനങ്ങൾ മാത്രമാണ് ആഴ്‌ചയിൽ എത്തുന്നതെന്ന് ദി ഗോവൻ എവരിഡേ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |