ചരിത്രനിമിഷത്തിന് സാക്ഷ്യംകുറിച്ച് കൊച്ചിയുടെ കായൽ പരപ്പിലും മൂന്നാറിലെ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഓളപ്പരപ്പിലും മുത്തമിട്ട് ജലവിമാനമായ സീപ്ലെയിൻ. ഇടുക്കി ജില്ലയിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിമാനമിറങ്ങുന്നത്. ഞായറാഴ്ച വൈകിട്ട് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ ആദ്യം ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ 10.30ന് കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് പറന്നുയർന്ന ഡി.എച്ച് കാനഡ ജലവിമാനം 10.57ന് മാട്ടുപ്പെട്ടി ഡാമിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന എയ്‌റോഡ്രോമിലാണ് ഇറങ്ങിയത്. ഒന്ന് രണ്ട് വട്ടം ആകാശത്തിൽ വട്ടമിട്ട് പറന്ന ശേഷം തെളിഞ്ഞ അന്തരീക്ഷത്തിലാണ് വിമാനം ജലാശയത്തിൽ തൊട്ടത്. അരമണിക്കൂറിലേറെ നേരം ഡാമിൽ തങ്ങിയ വിമാനം മന്ത്രി റോഷി അഗസ്റ്റിനുമായി കൊച്ചിയ്ക്ക് മടങ്ങി. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഹ്രസ്വദൂര സർവീസുകൾക്കുള്ള കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലായിരുന്നു ഇത്. കൊച്ചിയിൽ നിന്ന് മൂന്നാറിലെത്താൻ 30 മിനുട്ട് മാത്രം മതിയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന ഇരട്ട എഞ്ചിനുള്ള 19 സീറ്റർ ആംഫീബിയൻ വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഏത് ചെറുജലാശയത്തിലും എളുപ്പത്തിൽ ഇറക്കാൻ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത. എല്ലാ കാലത്തും വെള്ളമുള്ള മൂന്ന് കിലോമീറ്ററോളം വിശാലമായിക്കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേതെന്നതും പ്രത്യേകതയാണ്. സ്വിറ്റ്സർലാൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ്‌ജെറ്റും ചേർന്നാണ് സർവീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആന്ധാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ പരീക്ഷണ സർവീസിനു ശേഷമാണ് വിമാനം കേരളത്തിലെത്തിയത്. ജനപ്രതിനിധികളും കെ.എസ്.ഇ.ബി, ഹൈഡൽ ടൂറിസം ജീവനക്കാരും മാദ്ധ്യമപ്രവർത്തകരും മാത്രമാണ് ഡാമിലുണ്ടായത്. ഇടുക്കിയിൽ എയർ സ്ട്രിപ്പിനുള്ള പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് സീ പ്ലെയിൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന നോ ഫ്രിൽ എയർ സ്ട്രിപ്പാണ് ഇടുക്കിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. വിദഗ്ദ്ധ നാവിക ഓഫീസർക്ക് ഇതിന്റെ ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇടുക്കി ജില്ലയിൽ തന്നെ എൻ.സി.സി കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനായി വണ്ടിപ്പെരിയാർ സത്രത്തിൽ ആരംഭിച്ച എയർ സ്ട്രിപ്പിന് പുറമേയാണ് പുതിയൊരു എയർ സ്ട്രിപ്പ് കൂടി വിഭാവനം ചെയ്തിട്ടുള്ളത്.
ടൂറിസം പ്രതീക്ഷ മാനംമുട്ടേ
ടൂറിസം രംഗത്ത് ഇടുക്കിയ്ക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിൻ നൽകുന്നത്. റോഡ് മാർഗമല്ലാതെ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് വലിയതോതിൽ ആകർഷിക്കുമെന്നതിൽ സംശയമില്ല. യാത്രാക്ലേശം മറികടന്ന് അനായാസം ഇടുക്കിയിലെത്താൻ കഴിയുന്നത് ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. വിനോദസഞ്ചാര മേഖലയിൽ ഒരു കുതിച്ചുചാട്ടത്തിനുതന്നെ ഇത് വഴിയൊരുക്കുമെന്നതിൽ സംശയമില്ല. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടിനാണ് സംസ്ഥാന സർക്കാർ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. വിമാനത്തിൽ വലിയ ജന്നാലകളുള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.
ആരുടെ കുട്ടിയെന്ന് തർക്കം
സീ പ്ലെയിൻ പദ്ധതി യാഥാർത്ഥ്യമായതോടെ, ഇത് ആരുടേതാണെന്ന രാഷ്ട്രീയ അവകാശവാദവും ശക്തമായി. സീപ്ലെയിൻ യു.ഡി.എഫിന്റെ കുട്ടിയാണെന്നും 11 വർഷം വൈകിപ്പിച്ച പിണറായി സർക്കാർ മാപ്പ് പറയണമെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കെ. മുരളീധരനും പറയുന്നത്. സീ പ്ലെയിൻ പദ്ധതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കേന്ദ്രസർക്കാർ പദ്ധതിയാണിതെന്ന് പറയുന്നുണ്ട്. എന്നാൽ പോസ്റ്റിന് കീഴെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച പദ്ധതിയാണിതെന്ന് നിരവധി കമന്റുകളും കാണുന്നുണ്ട്.
ഇടങ്കോലിട്ട് വനംവകുപ്പ്
അതേസമയം സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിൽ ഇറങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തി വനംവകുപ്പ് ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമാണ്. ആനകൾ ഡാം മുറിച്ചു കടക്കാനും വെള്ളം കുടിക്കാനെത്താറുമുണ്ട്. ഡാമിൽ വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനമുണ്ടാക്കിയേക്കും. വിമാനമെത്തുമ്പോൾ ആനകൾ വിരണ്ടോടി ജനവാസമേഖലയിലിറിങ്ങാൻ സാദ്ധ്യതയുണ്ടെന്നും അതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നുമറിയിച്ചാണ് വനംവകുപ്പ് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിക്ക് റിപ്പോർട്ട് നൽകിയത്. അതേസമയം വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും ചർച്ചയിലൂടെ എല്ലാം പരിഹരിക്കുമെന്നുമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന കാര്യത്തിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും വന്യമൃഗങ്ങളെ കാട്ടിൽ നിന്നും ഓടിച്ചിട്ട് ഈ രാജ്യത്ത് ഇത്തരത്തിലുള്ള പ്രവർത്തികളെല്ലാം ചെയ്യാൻ സാധിക്കുമോയെന്നും മന്ത്രി റോഷി അഗസ്റ്റിൻ ചോദിച്ചു. വനംവകുപ്പിന്റെ ആശങ്ക സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് എം.എം. മണി എം.എൽ.എ നൽകിയത്. വനംവകുപ്പുകാർ വെള്ളം കോരി കൊണ്ടുവന്ന് ആനയുടെ വായിൽ ഒഴിച്ച് കൊടുക്കട്ടേയെന്നാണാണ് എം.എം. മണി പറഞ്ഞത്.
അന്ന് എതിർത്തപ്പോൾ ഉപേക്ഷിച്ചു
2013 ജൂൺ രണ്ടിന് ജലവിമാനം പദ്ധതി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഉദ്ഘാടനം ചെയ്തിരുന്നു. കൊല്ലം- ആലപ്പുഴ സർവീസ് ലക്ഷ്യമിട്ട് ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു ആദ്യ പറക്കൽ നിശ്ചയിച്ചത്. അന്ന് അരമണിക്കൂർ യാത്രയ്ക്ക് 4,000- 5,000 രൂപ വരെയാണ് നിരക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ തങ്ങളുടെ ജീവനോപാധികൾ ഇല്ലാതാവുമെന്ന വാദമുയർത്തി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായിരുന്നു. വേമ്പനാട്ട് കായലിൽ പ്രതിഷേധക്കാർ മത്സ്യബന്ധന യാനങ്ങൾ നിരത്തി നടത്തിയ സമരത്തെ തുടർന്ന് കൊല്ലം അഷ്ടമുടിയിൽ നിന്ന് പുറപ്പെട്ട ജലവിമാനത്തിന് ആലപ്പുഴയിൽ ഇറങ്ങാനായില്ല. ഇതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് പിണറായി സർക്കാർ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ സീപ്ലെയിൻ ഇറക്കുന്ന പദ്ധതിക്ക് രൂപം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |