തിരുവനന്തപുരം: ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐ.എസ്.ആർ.ഒ.യുടെ സ്പെയ്സ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള ( സ്‌പെഡക്സ് ) പി.എസ്.എൽ.വി. സി. 60 റോക്കറ്റും 400കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളും നിർമ്മിച്ച് തിരുവനന്തപുരത്തെ അനന്ത് ടെക്നോളജീസ് ലിമിറ്റഡ്.
രാജ്യത്താദ്യമാണ് ഒരു സ്വകാര്യ കമ്പനി പി. എസ്.എൽ.വി റോക്കറ്റും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നത്. ഉപഗ്രഹങ്ങൾ ഇന്നലെ ഐ.എസ്.ആർ.ഒയ്‌ക്ക് കൈമാറി. റോക്കറ്റ് 25ന് ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ഡിസംബറിലാണ് വിക്ഷേപണം.
ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ ഡോ.സുബ്ബറാവു പാവലൂരി 2000ൽ ഹൈദരാബാദിൽ സ്ഥാപിച്ച അനന്ത് ടെക്നോളജീസ് ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും വലിയ സ്വകാര്യപങ്കാളിയാണ്. 2010ലാണ് തിരുവനന്തപുരത്ത് കമ്പനി തുടങ്ങുന്നത്. 2020ൽ മേനംകുളം കിൻഫ്രപാർക്കിലേക്ക് മാറി. 40,000ച.അടി സമുച്ചയവും വി.എസ്.എസ്.സി.കാമ്പസിൽ യൂണിറ്റുമുണ്ട്.
പി.എസ്.എൽ.വി. യുടെ സി 51 മുതൽ 60വരെയുള്ള പത്ത് റോക്കറ്റുകൾ നിർമ്മിച്ചത് അനന്ത് ആണ്. തിരുവനന്തപുരം ബ്രഹ്മോസിൽ മിസൈൽ നിർമ്മാണ കരാറും ഏറ്റെടുത്തിട്ടുണ്ട്. റോക്കറ്റിന്റെ ലോഹ പുറം പാളി ഒഴികെ എല്ലാം നിർമ്മിക്കുന്നു.
കാത്ത് വമ്പൻ കരാറുകൾ
കൊല്ലം ആശ്രാമത്തെ നെടിയഴികം കുടുംബത്തിലെ ബാലകൃഷ്ണൻ മുതലാളിയുടെ മകനായ ബി.ജയപ്രകാശത്താണ് തിരുവനന്തപുരം യൂണിറ്റ് മേധാവി. കൊല്ലം ടി.കെ.എം.എൻജിനിയറിംഗ് കോളേജിൽ നിന്നാണ് ഐ.എസ്.ആർ.ഒ.യിൽ ചേർന്നത്. റോക്കറ്റ് വിദഗ്ദ്ധനാണ്. അഗ്നി മിസൈൽ, എസ്.എസ്.എൽ.വി. ചെറുറോക്കറ്റ്, ഗഗൻയാൻ വിക്ഷേപിക്കുന്ന ജി.എസ്.എൽ.വി.റോക്കറ്റ്, ഇന്ത്യൻ സ്പെയ്സ് സ്റ്റേഷൻ, ചന്ദ്രയാൻ 4 എന്നിവയുടെ കരാറുകളും അനന്ത് ഏറ്റെടുക്കുമെന്ന് ജയപ്രകാശ് പറഞ്ഞു. അതോടെ നിരവധി തൊഴിലവസരങ്ങൾ ഉണ്ടാവും. തിരുവനന്തപുരം യൂണിറ്റ് വികസിപ്പിക്കാൻ കൂടുതൽ നിക്ഷേപവും റിക്രൂട്ട്മെന്റും നടത്തും. 450 ജീവനക്കാരുണ്ട്.
സ്‌പെഡെക്സ്
രണ്ട് ഉപഗ്രഹങ്ങൾ . ചേസർ, ടാർഗറ്റ്
ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഇവ ഒന്നിച്ചു ചേരും (ഡോക്കിംഗ് )
ഇതിന്റെ വിജയം ചന്ദ്രയാൻ 4, ഗഗൻയാൻ, ഇന്ത്യൻ ബഹിരാകാശ നിലയം ദൗത്യങ്ങൾക്ക് നിർണായകമാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |