പുതിയ 5,000 തൊഴിലവസരങ്ങൾ
കൊച്ചി: ആഗോള ഐ.ടി കമ്പനിയായ ഐ.ബി.എമ്മിന്റെ ജനറ്റിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജെൻ എ.ഐ) ഇന്നവേഷൻ സെന്റർ ഇൻഫോപാർക്കിൽ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
കമ്പനിയുടെ ലോകത്തെ ഏറ്റവും മികച്ച ഓഫീസ് സംവിധാനമാണ് കൊച്ചിയിലേതെന്ന് സോഫ്‌റ്റ്‌വെയർ ലാബ്സ് വൈസ് പ്രസിഡന്റ് വിശാൽ ചഹേൽ പറഞ്ഞു. 2000 പേരാണ് സെന്ററിൽ ജോലി ചെയ്യുന്നത്. ഭാവിയിൽ 5000 ആകുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര ഉപഭോക്താക്കൾക്കുള്ള അവതരണ സംവിധാനം, ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ശില്പശാലകളും കൂടിയാലോചനകളും നടത്താനുള്ള സംവിധാനം, വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള സംവിധാനം എന്നിവയാണ് കേന്ദ്രത്തിലെ പ്രധാന സൗകര്യങ്ങൾ.
വാട്‌സൺ എക്‌സ് പ്ലാറ്റ്‌ഫോമിന്റെ പൂർണ ഡെവലപ്പ്‌മെന്റ് പ്രവർത്തനങ്ങൾ കൊച്ചിയിലായിരിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും സൗജന്യമായി ജെൻ. എ.ഐ. ലാബിൽ ഉത്പന്ന മാതൃക, പരീക്ഷണങ്ങൾ എന്നിവ നടത്താനാകും.
വർക്ക് ഫ്രം കേരള നയം: മന്ത്രി പി. രാജീവ്
വർക്ക് ഫ്രം കേരളയാണ് പുതിയ നയമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാർക്ക് കേരളത്തിൽ താമസിച്ച് ജോലിയെടുക്കാവുന്ന അവസ്ഥയുണ്ടാക്കും. സുസ്ഥിര ഗതാഗതസൗകര്യങ്ങൾ, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവ കേരളത്തിന്റെ പ്രത്യേകതയാണ്.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഐ.ബി.എമ്മിന്റെ വാട്‌സൺഎക്‌സ് പ്ലാറ്റ്‌ഫോമിലുള്ള ജെൻ. എ. ഐ ലാബുമായി സഹകരണം വർദ്ധിപ്പിക്കും. വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നവേഷൻ സെന്ററിൽ എ.ഐ. പരീക്ഷണങ്ങൾ നടത്താനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |