ഓഹരി, സ്വർണ വിപണിയിൽ കനത്ത വിലയിടിവ്
കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളേറിയതോടെ ഇന്ത്യയിൽ ഓഹരി, സ്വർണ വിപണികൾക്ക് അടിതെറ്റി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതുമാണ് വിപണികളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നത്. സെൻസെക്‌സ് 820.97 പോയിന്റ് ഇടിഞ്ഞ് 78,675.18ൽ അവസാനിച്ചു. നിഫ്‌റ്റി 257.85 പോയിന്റ് തകർന്ന് 23,883.45ൽ എത്തി. ഐ.ടി ഒഴികെയുള്ള മേഖലകളിലെ ഓഹരികൾ ഇന്നലെ തകർച്ച നേരിട്ടു. തുടർച്ചയായ നാലാം ദിവസമാണ് ഇന്ത്യൻ ഓഹരികൾ നഷ്‌ടം നേരിടുന്നത്. 'ട്രംപണോമിക്സ്' ലോകമെമ്പാടുമുള്ള വിപണികൾക്ക് കടുത്ത വെല്ലുവിളിയാകുമെന്ന ആശങ്ക ശക്തമാണ്.
അമേരിക്കയുടെ നയ മാറ്റങ്ങളെ നേരിടാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിക്കുന്ന നിലപാടുകളാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. ചൈനയിലെ സാമ്പത്തിക മേഖലയിലെ ഉണർവും ഇന്ത്യയുടെ വളർച്ച സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുന്നു.
സെപ്തംബർ 26ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലമായ 85,836ൽ നിന്ന് സെൻസെക്സ് 7,161 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി ഇക്കാലയളവിൽ 26,216ൽ നിന്ന് 2,433 പോയിന്റ് തകർന്നു.
മൂക്കുകുത്തി സ്വർണ വില
ആഗോള വിപണിയുടെ ചുവടുപിടിച്ച് സ്വർണ വില കേരളത്തിൽ കുത്തനെ ഇടിഞ്ഞു. പവൻ വില 1080 രൂപ കുറഞ്ഞ് 56,680 രൂപയിലെത്തി. ഗ്രാമിന്റെ വില 135 രൂപ ഇടിവോടെ 7,085 രൂപയിലെത്തി. ഒക്‌ടോബർ 30ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 59,640 രൂപയേക്കാൾ പവന് 2,960 രൂപയുടെ ഇടിവാണുണ്ടായത്. രാജ്യാന്തര വിപണിയിൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യം ഉയർന്നതാണ് പ്രധാനമായും സ്വർണത്തിന് തിരിച്ചടിയായത്. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ സ്വർണത്തിന് ബദൽ നിക്ഷേപമായി ക്രിപ്‌റ്റോ കറൻസികൾ മാറുന്നുവെന്ന വിലയിരുത്തലാണ് തിരിച്ചടിയാകുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 25 ഡോളർ കുറഞ്ഞ് 2,594 ഡോളറായി. വരും ദ്രവസങ്ങളിലും സ്വർണ വില താഴേക്ക് നീങ്ങാനാണ് സാദ്ധ്യത.
റെക്കാഡ് തകർച്ച തുടർന്ന് രൂപ
അമേരിക്കൻ ഡോളർ കരുത്താർജിച്ചതോടെ രൂപ വീണ്ടും റെക്കാഡ് പുതുക്കി താഴേക്ക് നീങ്ങി. ഇന്നലെ രൂപയുടെ മൂല്യം 84.41 വരെ താഴ്ന്നതിന് ശേഷം 84.39ൽ വിനിമയം അവസാനിപ്പിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് രൂപ താഴേക്ക് നീങ്ങിയത്. ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയ്ക്ക് സമ്മർദ്ദം വർദ്ധിപ്പിച്ചു. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റുമാറിയതാണ് ഒരു പരിധി വരെ രൂപയുടെ കനത്ത തകർച്ചഒഴിവാക്കിയത്. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ചൈനീസ് യുവാൻ 1.2 ശതമാനവും തായ് ബത് 1.6 ശതമാനവും തകർച്ച നേരിട്ടപ്പോൾ രൂപയുടെ മൂല്യത്തിൽ 0.4 ശതമാനം ഇടിവ് മാത്രമാണുണ്ടായത്.
സാമ്പത്തിക വെല്ലുവിളികളേറുന്നു
1. അമേരിക്കയിൽ ട്രംപ് അധികാരത്തിലെത്തിയതോടെ സാമ്പത്തിക മേഖല ഉണരുമെന്ന പ്രതീക്ഷയിൽ വിദേശ ഫണ്ടുകൾ പണം പിൻവലിക്കുന്നു
2. രണ്ടാം ത്രൈമാസക്കാലയളവിൽ കമ്പനികളുടെ ലാഭത്തിലും വിറ്റുവരവിലും ഇടിവുണ്ടായതോടെ മാന്ദ്യ സാദ്ധ്യതയേറി
3. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും പുതിയ വെല്ലുവിളി സൃഷ്‌ടിക്കുന്നു
4. കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയിലെ പ്രതിസന്ധികളും ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാക്കുന്നതിനാൽ നാണയപ്പെരുപ്പ ഭീഷണി ശക്തമാകുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |