കൊല്ലം: നാടൻ കഞ്ചാവിനെ വെല്ലുന്ന ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. തൃക്കോവിൽവട്ടം കുരീപ്പള്ളി ബംഗ്ലാവിൽ വീട്ടിൽ നൗഫലാണ് (31) പിടിയിലായത്.
സ്പെഷ്യൽ സ്‌ക്വാഡ് സി.ഐ എസ്.എസ്.ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തവേ കല്ലുംതാഴത്ത് വച്ച് നൗഫൽ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിറുത്തി. ആക്രമാസക്തനായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ബൈക്കിൽ നടത്തിയ പരിശോധനയിൽ 5.466 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തുടർന്ന് നൗഫലിന്റെ കുരീപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 7.031 ഗ്രാം എം.ഡി.എം.എയും 2.860 ഗ്രാം ഖുഷ് എന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവും കണ്ടെടുക്കുകയായിരുന്നു.
5000 രൂപയ്ക്കാണ് ഒരു ഗ്രാം എം.ഡി.എം.എ വിറ്റിരുന്നതെന്ന് നൗഫൽ വെളിപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് കിലോയ്ക്ക് 2 ലക്ഷത്തോളം രൂപയാണ് വിപണി വില. ജില്ലയിൽ സമീപകാലത്ത് ആദ്യമായാണ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുക്കുന്നത്. സാധാരണ കഞ്ചാവിന് ഇപ്പോൾ തുച്ഛമായ വിലയേയുള്ളു. എന്നാൽ ഹൈബ്രിഡ് കഞ്ചാവ് ഗ്രാമിന് 3000 രൂപ വാങ്ങിയാണ് നൗഫൽ വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
എക്‌സൈസ് ഇൻസ്‌പെക്ടർ സി.പി.ദിലീപ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്) ജെ.നിർമലൻ തമ്പി, കെ.ജി.രഘു, ഐ.ബി പ്രിവന്റീവ് ഓഫീസർ ബിജുമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജൂലിയൻ ക്രൂസ്, പി.എസ്.സൂരജ്, ബി.എസ്.അജിത്ത്, എം.ആർ.അനീഷ്, ജെ.ജോജോ, സുനിൽ ജോസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ വർഷ വിവേക്, ജി.ഗംഗ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |