ചേലക്കര: തിരഞ്ഞെടുപ്പ് തലേന്നാൾ വിലക്ക് ലംഘിച്ച് പി.വി. അൻവർ എം.എൽ.എയുടെ വാർത്താസമ്മേളനം. ഇന്നലെ രാവിലെ പത്തിനാണ് ചേലക്കര അരമന റസ്റ്റോറന്റിൽ വച്ച് അൻവർ മാദ്ധ്യമ പ്രവർത്തകരെ കാണുമെന്ന് അറിയിച്ചത്. പൊലീസ് റസ്റ്റോറന്റിലെത്തി വാർത്താസമ്മേളനം അനുവദിക്കില്ലെന്ന് മാനേജരെ അറിയിച്ചു.
അൻവർ എത്തിയപ്പോൾ, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും കൂടുതൽ പൊലീസും എത്തി. ആരെയും ഗൗനിക്കാതെ അൻവർ വാർത്താസമ്മേളനം തുടങ്ങി. ചട്ടത്തിന് വിരുദ്ധമാണെന്ന നോട്ടീസുമായി എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് എം.സി. വിവേക് എത്തി. ഉന്നത തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നിയമതടസമില്ലെന്ന് പറഞ്ഞതിനാലാണ് വാർത്താസമ്മേളനം നടത്തുന്നതെന്നും, തടസപ്പെടുത്തുകയാണെങ്കിൽ ഏതു വകുപ്പു പ്രകാരമെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടശേഷം
വാർത്താസമ്മേളനം തുടർന്നു.
ഉപ തിരഞ്ഞെടുപ്പിൽ ചട്ടവിരുദ്ധമായി ഓരോ മുന്നണിയും ചെലവഴിക്കുന്ന തുകയുടെ യഥാർത്ഥ കണക്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയെന്നും അറിയിച്ചു. കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ വാഹന ജാഥ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |