ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 16 മുതൽ 21 വരെ നൈജീരിയ, ബ്രസീൽ, ഗയാന രാജ്യങ്ങൾ സന്ദർശിക്കും. 18,19 തീയതികളിൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ മോദി പങ്കെടുക്കും. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയും ഗയാനയും സന്ദർശിക്കുന്നത്. പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരം 16, 17തിയതികളിൽ നൈജീരിയ സന്ദർശിക്കുന്ന പ്രധാനമന്ത്രി തന്ത്രപരമായ പങ്കാളിത്തം, ഉഭയകക്ഷി ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളിൽ പങ്കെടുക്കും. നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. 17 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിലെത്തുന്നത്. അവിടുത്തെ പ്രധാന മേഖലകളിൽ 200ലധികം ഇന്ത്യൻ കമ്പനികൾക്ക് 27 ബില്യൺ യുഎസ് ഡോളറിനുമേൽ നിക്ഷേപമുണ്ട്.
18, 19 തീയതികളിൽ റിയോ ഡി ജനീറോയിൽ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം 19 മുതൽ 21 വരെ ഗയാന സന്ദർശിക്കും. ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. 1968ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ്. പ്രസിഡന്റ്, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്യും. ഇന്ത്യൻ പ്രവാസികളുമായി സംവദിക്കും. ഗയാനയിലെ ജോർജ്ടൗണിൽ നടക്കുന്ന രണ്ടാം കാരികോം-ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും. കാരികോം അംഗരാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |