ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്‌ട്ര ചലച്ചിത്ര മഹോത്സവത്തിന് ഗോവയിൽ 20ന് കൊടിയേറും. എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയുടെ 55-ാം പതിപ്പിൽ 25 ഫീച്ചർ ഫിലിമുകളും 20 നോൺ-ഫീച്ചർ ഫിലിമുകളും പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത സ്വാതന്ത്ര്യ വീർ സവർക്കർ (ഹിന്ദി) ആണ് ഉദ്ഘാടന ചിത്രം. ഹർഷ് സംഗാനി സംവിധാനം ചെയ്ത ‘ഘർ ജൈസ കുച്ച് (ലഡാക്കി) ആണ് നോൺ-ഫീച്ചർ ഉദ്ഘാടന ചിത്രം. ആടുജീവിതം, ഭ്രമയുഗം, ലെവൽ ക്രോസ്(ഇന്ത്യൻ പനോരമ), മാഞ്ഞുമ്മൽ ബോയ്സ്(മെയിൻ സ്ട്രീം) എന്നീ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഫീച്ചർ ഫിലിം ജൂറി അദ്ധ്യക്ഷൻ. നവാഗത സംവിധായകനെ കണ്ടെത്താനുള്ള മത്സരത്തിൽ രാഗേഷ് നാരായണന്റെ മലയാള ചിത്രം തണുപ്പ് അടക്കം അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഇന്ത്യൻ സിനിമയുടെ നാനാമുഖങ്ങളെ രൂപപ്പെടുത്തിയ രാജ് കപൂർ, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു, മുഹമ്മദ് റഫി എന്നിവരെ മേളയിൽ ആദരിക്കും.
'കൺട്രി ഓഫ് ഫോക്കസ്” വിഭാഗത്തിൽ ഏഴ് ആസ്ട്രേലിയൻ സിനിമകൾ പ്രദർശിപ്പിക്കും. ആസ്ട്രേലിയൻ നിർമ്മാതാക്കളും സ്‌ക്രീൻ ആസ്‌ട്രേലിയ, സ്റ്റേറ്റ് സ്‌ക്രീൻ കമ്മിഷനുകൾ, ഓസ്‌ഫിലിം എന്നിവയുടെ പ്രതിനിധികളും മേളയ്‌ക്കെത്തും. വർക്ക്-ഇൻ-പ്രോഗ്രസ് ലാബ് വിഭാഗത്തിൽ ആറ് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |