തിരുവനന്തപുരം: സി.പി.ഐയുടെ നവീകരിച്ച സംസ്ഥാന ആസ്ഥാന മന്ദിരമായ എം.എൻ. സ്‌മാരകം ഡിസംബർ 26ന് തുറക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ 99 -ാം വാർഷിക ദിനത്തിലാണ് മന്ദിരം ഉദ്‌ഘാടനം ചെയ്യുന്നത്. നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
1962 ൽ നിർമ്മിച്ച ആസ്ഥാന മന്ദിരം അസൗകര്യങ്ങൾ കാരണം വീർപ്പുമുട്ടുന്ന അവസ്ഥയിലായിരുന്നു. ഇതോടെയാണ് രണ്ടു നിലകൾ മാത്രമുണ്ടായിരുന്ന മന്ദിരത്തെ, പഴയ രൂപത്തിൽ വ്യത്യാസം വരുത്താതെ പുനർനിർമ്മിക്കാൻ തീരുമാനിച്ചത്.
മൂന്നു നിലകളിലായി നിർമ്മിച്ച മന്ദിരത്തിൽ 250 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം മൂന്നാം നിലയിൽ സജ്ജമാക്കിയിട്ടുണ്ട്. പാർട്ടി എക്സിക്യുട്ടീവ് കമ്മിറ്റി കൂടാനുള്ള ഹാൾ, സോഷ്യൽ മീഡിയ വിഭാഗത്തിനുവേണ്ടിയുള്ള മുറി,വിപുലമായ ലൈബ്രറി എന്നിവ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയുടെ മുറി ഫസ്റ്റ് ഫ്ലോറിലാണ്. നേരത്തെ ഗ്രൗണ്ട് ഫ്ളോറിലായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാർക്ക് ഗ്രൗണ്ട് ഫ്ലോറിലാണ് മുറി. 10,000 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ച മന്ദിരത്തിൽ ലിഫ്റ്റ് സൗകര്യവുമുണ്ട്.
മന്ദിരത്തോട് ചേർന്ന് മൂന്നു നിലകളിലായി 10 മുറികളുള്ള ക്വാർട്ടേഴ്‌സും നേതാക്കൾക്കായി നിർമ്മിച്ചിട്ടുണ്ട്. 40 കാറുകൾക്ക് പാർക്ക് ചെയ്യാനാവും. 8 കോടി ചെലവിലാണ് നിർമ്മാണം. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് നിർമ്മാണം ആരംഭിച്ചത്. ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ 100ാം വാർഷികവും അഘോഷിക്കുന്നത് സംബന്ധിച്ച് 22 ന് നടക്കുന്ന സംസ്ഥാന എക്സിക്യുട്ടീവിൽ തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |