ന്യൂഡൽഹി: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം ബാഗ് പരിശോധനാ വിവാദവും ചൂടു പിടിക്കുന്നു. കഴിഞ്ഞ ദിവസം യവത്മാലിൽ ഉണ്ടായതിന് സമാനമായി ശിവസേന നേതാവും മുൻമുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ ബാഗുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീണ്ടും പരിശോധിച്ചു. ഇന്നലെ ലാത്തൂരിലാണ് സംഭവം.
ലാത്തൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ ഉദ്ധവിന്റെ ബാഗുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതും അവരോട് തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെടുന്നതും ശിവസേന സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ടു. മുൻ മുഖ്യമന്ത്രിയുടെ ബാഗുകൾ ആവർത്തിച്ച് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ അധ:പതിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. ഉദ്ധവിന്റെ റാലികൾ വൈകിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് മകനും പാർട്ടി നേതാവുമായ ആദിത്യ താക്കറെ ആരോപിച്ചു.
ബി.ജെ.പി നേതാക്കളെയും
പരിശോധിച്ചു: കമ്മിഷൻ
ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ നേതാക്കളുടെയും ബാഗുകൾ പരിശോധിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബിഹാറിലെ ഭഗൽപൂരിൽ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പിനദ്ദയുടെയും കതിഹാറിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബാഗുകളും പരിശോധിച്ചെന്ന് കമ്മിഷൻ വ്യക്തമാക്കി. പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ ബാഗുകൾ പരിശോധിക്കാൻ ധൈര്യപ്പെടുമോയെന്ന ഉദ്ധവ് താക്കറെയുടെ ചോദ്യത്തിന് മറുപടിയായാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |