പാലക്കാട്: തനിക്കെതിരെ ഫേസ്ബുക്കിൽ വന്ന ആക്ഷേപ കമന്റുകൾക്ക് മറുപടിയുമായി പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി സരിന്റെ ഭാര്യ ഡോ സൗമ്യ. തന്റെ മറുപടി സോഷ്യൽ മീഡിയയിൽ എങ്ങനെ മാന്യമായി ഇടപെടണം എന്നറിയാത്ത മാന്യദേഹങ്ങളോടാണെന്നും സൗമ്യ പറഞ്ഞു. തനൊരു പാർട്ടിയുടെ പ്രചാരകയോ പ്രവർത്തകയോ അല്ലെന്നും താൻ എന്നും വ്യക്തികളെ വ്യക്തികളായി മാത്രം കാണുന്ന ആളാണെന്നും സൗമ്യ സരിൻ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
ഇരവാദം ആണുപോലും ... തെളിവ് വേണം പോലും ... തരാല്ലോ. പക്ഷെ അതിനു മുമ്പ് ഒരു കാര്യം. ഈ 'ഇര' എന്ന് ഒരു മനുഷ്യനെ വിളിക്കുന്നത് തന്നെ ഏറ്റവും വലിയ അശ്ലീലമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പ്രത്യേകിച്ച് സ്ത്രീകളെ. മാനഭംഗം നടന്നാൽ ബാലസംഗം നടന്നാൽ ഒക്കെ അവരെ നമ്മൾ ഇര എന്ന് വിളിക്കുന്നു. എന്തിന്?
ഇരമൃഗം എന്നത് തന്നെ നിസ്സഹായാവസ്ഥയെ സൂചിപ്പിക്കുന്നതാണ്. കടിച്ചു കീറാൻ നിന്നു കൊടുക്കേണ്ടി വരുന്ന ഒരു സാധു മൃഗം! അത് സ്ത്രീ അബലയാണെന്ന പൊതുബോധത്തെ ശക്തമാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ആ വാക്കിനെ ഞാൻ വെറുക്കുന്നു. എതിർക്കുന്നു. ഞാൻ ഇര അല്ല! എന്നിട്ടല്ലേ ഇരവാദവുമായി ഇറങ്ങുന്നത്.
ഞാൻ എവിടെയും വന്നു 'ഇവർ എന്നെ അങ്ങനെ പറഞ്ഞെ അവർ എന്നേ ഇങ്ങനെ പറഞ്ഞെ ' എന്നൊന്നും പറഞ്ഞു കരഞ്ഞിട്ടില്ല. ചിലർ ചെയ്ത പ്രവർത്തികൾക്കുള്ള മറുപടി ആണ് പറഞ്ഞത്. മുമ്പും പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ഇതൊന്നും കൊണ്ട് ഇങ്ങോട്ട് വരണ്ട എന്ന്! ഏശില്ല എന്ന്. പിന്നെ ഞാൻ ഒരിക്കൽ എങ്കിലും ഏതെങ്കിലും പാർട്ടി ആണ് എന്നോട് മോശമായി പെരുമാറുന്നത് എന്ന് പറഞ്ഞോ? എന്നേ സംബന്ധിച്ച് എന്നോട് സോഷ്യൽ മീഡിയയിൽ അപമാര്യാദയായി പെരുമാറുന്നവർക്കൊക്കെ ഒരേ നിറവും സ്വരവുമാണ്. മനോവൈകല്ല്യമുള്ളവന്റെ സ്വരം! അത് മുമ്പേ ആയാലും ഇപ്പോൾ ആയാലും.
ഞാൻ എന്നും വ്യക്തികളെ വ്യക്തികൾ എന്ന് മാത്രം ആയി കാണുന്ന ആളാണ്. എനിക്ക് വലുത് എന്തിനേക്കാൾ വ്യക്തിബന്ധങ്ങൾ ആണെന്ന് പറയുന്ന ആളാണ്. ഞാനൊരു പാർട്ടിയുടെയും പ്രചാരകയോ പ്രവർത്തകയോ അല്ല എന്ന് പറയുന്ന ആളാണ്. ഞാൻ മറുപടി പറഞ്ഞത് അനാവശ്യ കമെന്റുകൾ എന്റെ പോസ്റ്റുകൾക്ക് താഴെ ഇടുന്ന വ്യക്തികളോടാണ്.
അതിനെ ഒരു പാർട്ടിയുമായി കൂട്ടിക്കെട്ടുന്നത് ആരാണ്? ഞാനാണോ? "ഞങ്ങൾ അങ്ങിനെ പറഞ്ഞിട്ടില്ല, ഉണ്ടെങ്കിൽ തെളിവ് കാണിക്കൂ" എന്ന് പറയാൻ "നിങ്ങൾ" അങ്ങിനെ പറഞ്ഞെന്നു ഞാൻ പറഞ്ഞോ?എന്റെ മറുപടി സോഷ്യൽ മീഡിയയിൽ എങ്ങിനെ മാന്യമായി ഇടപെടണം എന്നറിയാത്ത മാന്യദേഹങ്ങളോടാണ്. സ്ഥാനാർഥിയുടെ ഭാര്യ സ്ഥാനാർഥി അല്ലെന്നും മറ്റൊരു വ്യക്തി ആണെന്നും മനസിലാക്കാൻ കഴിയാത്ത വിഡ്ഢികളോടാണ്. അതിൽ നിങ്ങൾ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ഇരവാദ ആരോപണം?
പിന്നെ വലിയ ചില തമാശകൾ കേട്ടു. ഇതൊക്കെ എനിക്ക് campaign ന് വരാൻ വേണ്ടി ഉണ്ടാക്കുന്ന കാരണങ്ങൾ ആണത്രേ. എനിക്ക് ആരോ എഴുതി തരുന്നത് ആണത്രേ.
ഇതൊക്കെ പറയുന്നത് എന്നേ വ്യക്തിപരമായി അറിയുന്നവർ ആണെന്നതാണ് അതിലും വലിയ തമാശ. ഇവരിൽ പലരും എനിക്ക് മെസ്സഞ്ചറിൽ അയച്ച personal messages ഒക്കെ ഇപ്പോ ഡിലീറ്റ് ആയിക്കിയിട്ടുണ്ട്. ഞാൻ അതിന്റെ screenshot പുറത്തു വിടുമോ എന്ന് പേടിച്ചിട്ടാകാം. അങ്ങിനെ ഒരു പേടി നിങ്ങൾക്ക് വേണ്ട. കാരണം എനിക്ക് നിങ്ങൾ സുഹൃത്തുക്കൾ ആണ്. നിങ്ങളെ പോലെ രാഷ്ട്രീയ വിധേയത്വം എനിക്കില്ല. അതുകൊണ്ട് തന്നെ അനാവശ്യ ആരോപണങ്ങൾ കൊണ്ട് ഞാൻ അങ്ങോട്ട് വരില്ല.
Campaign ന് വരണോ വരണ്ടയോ എന്നൊക്കെ ഉള്ളത് എന്റെ തീരുമാനമാണ്. അതിനു ഒരു കാരണവും കണ്ടെത്തി ബുദ്ധിമുട്ടേണ്ട കാര്യം എനിക്കില്ല. ആരെയാണ് ഞാൻ ബോധിപ്പിക്കേണ്ടത്? ആരെയാണ് ഞാൻ ഭയക്കേണ്ടത്? എനിക്ക് തോന്നുന്നത് ചെയ്യും. തോന്നുന്നതേ ചെയ്യൂ. ഇന്നലെ ഉണ്ടായ ഒരു ചെറിയ അനുഭവം കൂടി എഴുതി ഈ വിഷയം അവസാനിപ്പിക്കാം. ഷാർജ ബുക്ക് ഫെസ്റ്റിലേ എന്റെ സ്റ്റാളിലേക്ക് പോകുകയായിരുന്നു. അപ്പൊ പിന്നിൽ നിന്നും ഡോക്ടറേ എന്നൊരു വിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അറിയാത്ത ഒരാൾ ആണ്. അദ്ദേഹം എന്നോട് പറഞ്ഞു. ' ഞാൻ ഡോക്ടറെ ഫോളോ ചെയ്യുന്നുണ്ട്. കൊണ്ഗ്രസ് പ്രവർത്തകൻ ആണ്. അതുകൊണ്ട് നമ്മൾ ഇപ്പോൾ ശത്രുക്കളുമാണ്."
ഞാൻ അദ്ദേഹത്തോട് ചിരിച്ചു കൊണ്ട് പറഞ്ഞു. "ഞാൻ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല. നിങ്ങൾ എനിക്കും. ഞാൻ ഒരു പാർട്ടിയുടെയും പ്രവർത്തകയും അല്ല. അതുകൊണ്ട് തന്നെ നിങ്ങൾ എന്റെ ശത്രു അല്ല. എനിക്ക് ശത്രുക്കൾ ഇല്ലാ!" ഇതാണ് ഞാൻ. ഇതാണ് എന്റെ നിലപാട്. ഏതു പാർട്ടിയിലും നല്ലതും ചീത്തയുമുണ്ട്. കാരണം ഈ പാർട്ടികൾ എല്ലാം വ്യക്തികൾ ആണ്. ആ വ്യക്തികളിൽ നല്ലതും ചീത്തയും ഉള്ളത് കൊണ്ട് തന്നെ അത് അവരുടെ പ്രവർത്തികളിലും പ്രതിഫലിക്കും. ഞാൻ എതിർക്കുന്നത് ആ വ്യക്തികളിലെ തിന്മയെ മാത്രമാണ്. അവരുടെ ചിന്തകളിലെ വൈകല്യത്തെ മാത്രമാണ്.
അതിനെ generalise ചെയ്യാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. മനുഷ്യരിൽ നന്മയെ കാണുക. തിന്മയെ എതിർക്കുക! എന്നേ ഞാനായി കണ്ട്, മനസ്സിൽ വിദ്വേഷമോ പകയോ ഇല്ലാതെ നിങ്ങൾക്ക് ഒരു ചിരി എനിക്ക് തരാൻ കഴിയുമെങ്കിൽ, അതിനേക്കാൾ തെളിച്ചമുള്ള മറുചിരി നിശ്ചയമായും എന്റെ ചുണ്ടിലും കാണും. അവിടെ എനിക്ക് പാർട്ടിയുമില്ല. കൊടിയുമില്ല. ഇതാണ് ഞാൻ. ഇതാണെന്റെ നിലപാട്. ഇതാണെന്റെ രാഷ്ട്രീയം. ഇത് ഉറക്കെ പറയാൻ ഞാൻ ആരെ പേടിക്കണം?
(കുറച്ചു സ്ക്രീന്ഷോട്ടുകൾ താഴെ കൊടുക്കുന്നു. വളരെ മോശം ഭാഷ ഉള്ള മെസ്സേജുകൾ ഒഴിവാക്കിയിട്ടുണ്ട്. അതിൽ തന്നെ ഇത്തരം അസഭ്യ മെസ്സേജുകൾ കണ്ട് പല നല്ല മനസ്സിനുടമകൾ ഇട്ട മെസ്സേജുകളും നിങ്ങൾക്ക് കാണാം. ഇനിയും കണ്ണ് നിറച്ചു കാണണം എന്നുള്ളവർക്ക് എന്റെ പേജിലേക്ക് സ്വാഗതം )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |