നിർമ്മിതബുദ്ധിയുടെ പുതുയുഗത്തിൽ സമ്പദ്‌വ്യവസ്ഥയിലേക്ക് ഉദിച്ചുയരുകയാണ് എ.വി.ജി.സി -എക്‌സ് ആർ എന്ന ജെൻ നെക്സ്റ്റ് വിഷ്വൽ എഫക്ട്സ് മേഖല. അനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ് ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റൻഡഡ് റിയാലിറ്റി വിഭാഗമാണ് ഇങ്ങനെ അറിയപ്പെടുന്നത്. രാജ്യത്ത് 2,60,000 തൊഴിലവസരങ്ങളും മൂന്നു ബില്യൺ ഡോളർ വരുമാനവുമാണ് ഈ മേഖല ലഭ്യമാക്കുന്നത്. 2032 ആകുമ്പോൾ തൊഴിലവസരങ്ങൾ 2.6 ബില്യണിൽ എത്തുമെന്നാണ് പ്രാഥമിക നിഗമനം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വരുമാനം 26 ബില്യൺ ഡോളറിലേക്ക് കുതിക്കും. വരുന്ന രണ്ടുവർഷം വേണ്ട പിന്തുണ നൽകിയാൽ ഈ വിപണിയുടെ അഞ്ച് മുതൽ 10% വരെ കേരളത്തിന് നേടാനാകുമെന്നാണ് പഠനം. ഏതായാലും സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്.
ഇൻഫോപാർക്ക് അരീന
ഐ.ടി വ്യവസായത്തിലെ ജെൻ നെക്സ് എന്ന നിലയിൽ കൊച്ചി ഇൻഫോപാർക്കിൽ എ.വി.ജിസി- എക്‌സ് ആർ അരീന സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ എ.വി.ജി.സി-എക്‌സ് ആർ പോളിസിയുടെ ചുവടുപിടിച്ച് ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് മാത്രമായി കോ-വർക്കിംഗ് സ്‌പേസ് ആദ്യമായി ആരംഭിച്ചത് ഇൻഫോപാർക്കിലാണ്. വ്യവസായ മന്ത്രി പി.രാജീവ് അടുത്തിടെ ഇവിടെ പ്രത്യേക സന്ദർശനം നടത്തിയിരുന്നു. വിവിധ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം ചില വാഗ്ദാനങ്ങളും നൽകി.
ജനുവരിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ അനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ് ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റൻഡഡ് റിയാലിറ്റി വിഭാഗത്തിനെ പ്രത്യേക മേഖലയായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആഗോളനിലവാരത്തിലുള്ള മലയാളി പ്രതിഭകളാണ് ഇന്ന് ലോകത്തെ മുൻനിര അനിമേഷൻ മേഖലയിലുള്ളത്. കേരളത്തിൽ സജീവമാകുന്നതോടെ ഈ പ്രതിഭകൾ നാട്ടിലേക്ക് തിരികെയെത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. കൂടുതൽ നിക്ഷേപം ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനായാണ് ആഗോള നിക്ഷേപക സംഗമത്തിൽ പ്രത്യേകമായി പരിഗണിക്കുന്നത്. എ.ഐ. കമ്പനികളിലേക്ക് നിക്ഷേപം ക്ഷണിക്കുന്ന പ്രത്യേക സെഷനും സംഗമത്തിലുണ്ടാകും.
ഫിലിം സിറ്റികൾ
കേരളത്തിലെ പ്രമുഖ സിനിമ നിർമ്മാണക്കമ്പനികൾ ഫിലിം സിറ്റികൾ തുടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ഫിലിം സിറ്റികളിൽ അനിമേഷനും വിഷ്വൽ എഫക്ട്സിനും പ്രത്യേക പ്രാധാന്യമുണ്ടാകും. വലിയ അവസരങ്ങളുണ്ടാകുമെന്നുമാണ് സർക്കാരിന്റെ ഉറപ്പ്. എ.വി.ജി.സി-എക്‌സ് ആറിലെ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം സംവിധാനം ഉണ്ടാവുന്ന വിധം വളർച്ച നേടാനാണ് ഇൻഫോപാർക്ക് അരീനയുടെ സാരഥികൾ ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഇൻഫോപാർക്ക് പരമാവധി ശ്രമിക്കും.
എ.വി.ജി.സി-എക്‌സ് ആർ കണ്ടന്റിൽ നിലവിൽ നൂറിലധികം സ്റ്റുഡിയോകൾ കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ബോളിവുഡ്, ഹോളിവുഡ് കമ്പനികൾക്കായി കേരളത്തിൽ നിന്ന് ഇൻപുട്ട് നൽകുന്നുണ്ട്. മികച്ച പ്രൊഫഷണലുകളുടെ സഹായത്തോടെ രാജ്യത്തെ എ.വി.ജി.സി-എക്‌സ് ആർ ഹബ്ബായി മാറാനാണ് കേരളത്തിന്റെ ഊർജ്ജിത ശ്രമം. എവിജിസി-എക്‌സ് ആർ സ്റ്റാർട്ടപ്പുകളും കേരളത്തിലുണ്ടെന്നത് മുതൽക്കൂട്ടാണ്. 2029 ഓടെ 50,000 തൊഴിലവസരങ്ങളാണ് ഈ രംഗത്ത് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ കേന്ദ്രങ്ങളടക്കം 250 സ്ഥാപനങ്ങൾ സജ്ജമാക്കുകയാണ് ലക്ഷ്യം.
എ.വി.ജി.സി മേഖലയുടെ ലോകോത്തര ഹബ്ബായി മാറാൻ അയൽ സംസ്ഥാനമായ കർണാടക നേരത്തേ ശ്രമം തുടങ്ങിയിരുന്നു. 2025 ലക്ഷ്യമിട്ടാണ് പ്രവർത്തനം. അടിസ്ഥാന സൗകര്യ വികസനം അവിടെ പുരോഗമിക്കുകയാണ്. ബംഗളൂരുവിലെയടക്കം എ.വി.ജി.സി വ്യവസായത്തിന് സമഗ്രമായ സാങ്കേതിക ഉത്തേജനം നൽകുന്ന മികവിന്റെ കേന്ദ്രവും കർണാടക സജ്ജമാക്കി.
ആഗോളതലത്തിൽ 800 ബില്യൺ ഡോളർ വിപണിയായ എ.വി.ജി.സി-എക്‌സ് ആർ മേഖലയിൽ 56.8 കോടി വരിക്കാരുണ്ട്. ഇന്ത്യയിൽ 25-30 ശതമാനം വാർഷിക വളർച്ചാനിരക്ക് ഉള്ളതിനാൽ ആഗോള വിഹിതത്തിന്റെ 5 ശതമാനം (40 ബില്യൺ ഡോളർ) വരെ നേടാനുള്ള സാദ്ധ്യതയുണ്ട്. ഈ മേഖലയെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. കർമ്മസമിതിയിൽ വ്യവസായ, അക്കാഡമിക് രംഗത്തുനിന്നും സംസ്ഥാന സർക്കാരുകളിൽ എന്നിവയിൽ നിന്നുള്ള പ്രാതിനിദ്ധ്യമുണ്ട്. ദേശീയ എ.വി.ജി.സി-എക്‌സ് ആർ മിഷൻ ലക്ഷ്യമിട്ട് നയരൂപീകരണ നടപടികളും പുരോഗമിക്കുകയാണ്.
എ.വി.ജി.സി-എക്‌സ് ആറിൽ വർദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്തിയാൽ കേരളത്തിന്റെ പൊതുവളർച്ചയ്ക്ക് സഹായകരമാകും. വിദ്യാഭ്യാസം, ആരോഗ്യം, വിനോദം എന്നീ മേഖലകളിലും ഈ സാങ്കേതികത മികച്ച അവസരങ്ങളാണ് നൽകുന്നത്. ഡിജിറ്റൽ കണ്ടന്റിൽ രാജ്യത്ത് നേതൃസ്ഥാനത്ത് എത്താൻ ഇത്തരം ഉദ്യമങ്ങൾ കേരളത്തെ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |