പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലു തൊട്ട് വന്ദിക്കാൻ ശ്രമിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ദർഭംഗ ജില്ല നടന്ന പൊതുപരിപാടിക്കിടെയാണ് വേദിയിലിരുന്നവരെ അതിശയിപ്പിക്കും വിധം അദ്ദേഹം പ്രധാനമന്ത്രിയോടുളള ആദരവ് പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
73 വയസുളള നിതീഷ് കുമാർ പ്രസംഗത്തിനുശേഷം നടന്നുവന്ന് 74 വയസുളള മോദിയുടെ കാൽ തൊട്ട് വന്ദിക്കുകയായിരുന്നു. നിതീഷ് കുമാർ ഇത്തരത്തിൽ ചെയ്യുന്നത് ആദ്യത്തെ സംഭവമല്ല. വന്ദിക്കാനായി കുനിയുന്ന മുഖ്യമന്ത്രിയെ മോദി പിടിച്ച് എഴുന്നേൽപ്പിക്കുന്നതും ഹസ്തദാനം നൽകുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. അതിനിടെ പരിപാടിയിലെ തന്നെ മറ്റൊരു വീഡിയോയും വൈറലായി. പാർട്ടി പ്രവർത്തകർ മോദിയ്ക്ക് മാലയിടുമ്പോൾ അദ്ദേഹം നിതീഷ് കുമാറിനെ അരികിലേക്ക് നിർത്താൻ ശ്രമിക്കുന്നതാണ് വീഡിയോ.
ദർഭംഗയിൽ എയിംസിന്റെ തറക്കലിടൽ ചടങ്ങിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. പരിപാടിയിൽ വച്ച് 12,100 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കാൻ പോകുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ബീഹാർ ഇപ്പോൾ നിരവധി വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്നും മോദി പറഞ്ഞു. 'മുൻവർഷം ഭരിച്ച സർക്കാർ ബീഹാറിലെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നില്ല. അവരുടെ വാഗ്ദ്ധാനങ്ങൾ കളവായിരുന്നു. പക്ഷെ നിതീഷ് കുമാറിന്റെ സർക്കാർ അധികാരത്തിലേറിയതോടെ സാഹചര്യങ്ങൾ മാറിമറിഞ്ഞു'- അദ്ദേഹം വ്യക്തമാക്കി.
ജൂണിൽ സമാനമായ മറ്റൊരു സംഭവവും നടന്നു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വച്ച് നിതീഷ് കുമാർ മോദിയുടെ കാൽപാദത്തിൽ സ്പർശിക്കാൻ ശ്രമിച്ചതും ശ്രദ്ധേയമായിരുന്നു. അതുപോലെ ഏപ്രിൽ നവാഡയിൽ വച്ച് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിക്കിടയിലും അദ്ദേഹം മോദിയുടെ അനുഗ്രഹം തേടിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് ഭരണം നിലനിർത്താൻ നിതീഷ് യാദവിന്റെ ജെഡിയുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും പിന്തുണ ആവശ്യമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |