ന്യൂഡൽഹി: വാട്‌സാപ്പിൽ വിവാഹ ക്ഷണക്കത്തെന്ന വ്യാജേന നടത്തുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. ഇന്നത്തെ കാലത്ത് സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഉൾപ്പെടെ വിവാഹക്കത്ത് വാട്‌സാപ്പ് വഴി അയക്കുന്നത് പതിവാണ്. എന്നാൽ, വിവാഹ ക്ഷണക്കത്തെന്ന വ്യാജേന എത്തുന്ന ചില ഫയലുകൾ തുറക്കുന്നതോടെ നിങ്ങളുടെ ഫോണിലെ വിവരങ്ങളെല്ലാം ചോർന്നേക്കുമെന്നും പണം തട്ടിയെടുക്കാനിടയുണ്ടെന്നുമാണ് പൊലീസ് നൽകിയ മുന്നറിയിപ്പ്.
വാട്‌സാപ്പ് വഴി എപികെ ഫയലുകളായാണ് വ്യാജ വിവാഹ ക്ഷണക്കത്തുകൾ എത്തുക. ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിൽ പ്രവേശിക്കുന്ന മാൽവെയറുകൾ അതിലെ സ്വകാര്യ വിവരങ്ങൾ ചോർത്തും. ഇതോടെ നമ്മളറിയാതെ സന്ദേശങ്ങൾ അയക്കാനും പണം ചോർത്താനും ഹാക്കർമാർക്ക് കഴിയും. പരിചയമില്ലാത്ത നമ്പറിൽ നിന്നാകും വിവാഹ ക്ഷണക്കത്ത് നിങ്ങളുടെ വാട്‌സാപ്പിലേക്ക് എത്തുക. പരിചയക്കാർ ആരെങ്കിലുമാകാം എന്ന് കരുതി സന്ദേശത്തോടൊപ്പമുള്ള വിവാഹ കത്ത് കാണാനായി ഫയൽ ഡൗൺലോഡ് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം മുഴുവൻ തട്ടിപ്പുകാരുടെ കൈകളിലെത്തും.
ഫോണിലെ കോൺടാക്‌ട് ലിസ്റ്റിലെ വിവരങ്ങൾ ഉൾപ്പെടെ തട്ടിപ്പുകാർക്ക് ലഭിക്കുന്നതോടെ അവർക്ക് സന്ദേശങ്ങൾ അയക്കാനും പണം ആവശ്യപ്പെടാനും കഴിയും. മറ്റ് സ്വകാര്യ വിവരങ്ങൾ ദുരുപയോഗിച്ച് ഇവർ ഭീഷണിപ്പെടുത്താനും സാദ്ധ്യതയുണ്ട്. ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടതായി ഹിമാചൽ പ്രദേശിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഡിഐജി മോഹിത് ചൗള പറഞ്ഞു. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള തുറക്കുമ്പോൾ സൂക്ഷിക്കണം. അത് അയച്ചത് ആരാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഫയൽ തുറക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |