ചെന്നൈ: കാൻസർ രോഗിയായ അമ്മയെ ചികിത്സിക്കുന്ന ഡോക്ടറെ ക്രൂരമായി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നൈയിലെ കലൈഞ്ജർ സെന്റിനറി ഹോസ്പിറ്റലിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഏഴിലധികം തവണ കുത്തേറ്റ ഹൃദ്‌രോഗിയായ ഡോക്ടർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തലയ്ക്കും നെഞ്ചിലുമാണ് പരിക്കേറ്റത്.
അമ്മയ്ക്ക് ഡോക്ടർ തെറ്റായ മരുന്നുകൾ എഴുതി നൽകി എന്നാരാേപിച്ചായിരുന്നു ആക്രമണം. ഹൃദയപ്രശ്നങ്ങളുള്ളതുകൊണ്ട് ഡോക്ടർ പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട് എന്നതുപോലും കണക്കാക്കാതെയായിരുന്നു ആക്രമി്ച്ചത്. ശരീരത്തിൽ ഒളിപ്പിച്ചുവച്ച ചെറിയ കത്തികൊണ്ടായിരുന്നു ഇരുപത്താറുകാരന്റെ ആക്രമണം . അതിക്രമം കണ്ട് ഓടിയെത്തിവരാണ് കൂടുതൽ ആക്രമണത്തിനിരയാവാതെ ഡോക്ടറെ രക്ഷപ്പെടുത്തിയത്. സ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.
പരിക്ക് ഗുരുതരമാണെങ്കിലും ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഇത്തരമൊരു ആക്രമണം ആവർത്തിക്കാതിരിക്കാനുളള എല്ലാ നടപടികളും ഉറപ്പാക്കിയിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രി പറയുന്നത്. പരിക്കേറ്റ ഡോക്ടർക്ക് ചികിത്സ പൂർണമായും സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ ഡോക്ടർമാർ പ്രതിഷേധിച്ചതോടെ ആശുപ്രതിയുടെ പ്രവർത്തനം അല്പനേരത്തേക്ക് താളംതെറ്റി.
കേരളത്തിൽ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഡോക്ടർമാർക്കുനേരെയുള്ള അതിക്രമങ്ങൾ കൂടിവരികയാണ്. അടുത്തിടെ കൊൽക്കത്തിലെ ആർജി കർ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ദേശീയ തലത്തിൽ തന്നെ വൻ കോളിളക്കമുണ്ടാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |