കൊച്ചി: സുഗതകുമാരിയുടെ 90-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന 'സുഗത നവതി'യുടെ ഭാഗമായി 16ന് കൊച്ചി രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കുട്ടികൾക്കായി അഖില കേരള പ്രകൃതി ചിത്ര രചനാ മത്സരം സംഘടിപ്പിക്കും. രാവിലെ 9.30ന് എ.ഡി.ജി.പി. പി.വിജയൻ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എന്നിവർ ചേർന്ന് ചിത്രരചനാമത്സരം ഉദ്ഘാടനം ചെയ്യും. വിജയികളാകുന്ന ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10000, 5000, 2500 രൂപവീതം ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും നല്കുമെന്ന് മെന്ന് ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ബി. പ്രകാശ് ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഘാടക സമിതി ജനറൽ സെക്രട്ടറി എം.ശശിശങ്കർ, സെക്രട്ടറി ജി. ദിലീപ് എന്നിവരും വാർത്താസമ്മേളനത്തിൽപങ്കെടുത്തു.
'സുഗത സ്മൃതി സദസ്'
വിവിധ മേഖലകളിലെ സുഗതകുമാരിയുടെ സംഭാവനകൾ അനുസ്മരിക്കുന്ന 'സുഗത സ്മൃതി സദസ്' 25ന് വൈകിട്ട് 6ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. സുഗതകുമാരിയുടെ 'പശ്ചിമഘട്ടം' എന്ന കവിതയുടെ നാടകാവിഷ്‌കാരം 'കാവലാൾ', ഇടപ്പള്ളി നാം ചിൽഡ്രൻസ് തിയേറ്ററിൽ അവതരിപ്പിക്കും. 30ന് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടക്കുന്ന സുഗത സ്മൃതി സദസ് മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായർ ഉദ്ഘാടനം ചെയ്യും. ഡോ.ഗോപിനാഥ് പനങ്ങാട് അദ്ധ്യക്ഷത വഹിക്കും. ഡോ. ജോർജ് ഓണക്കൂർ, കുമ്മനം രാജശേഖരൻ എന്നിവർ പങ്കെടുക്കും. കുട്ടികൾക്ക് വേണ്ടി വിവിധ ദിവസങ്ങളിലായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും ഇതേ വേദിയിൽ നടക്കും. 30ന് വൈകിട്ട് 6.30ന് സുഗതകുമാരി രചിച്ച കവിതകൾ കോർത്തിണക്കി 'സുഗത ഗാനാഞ്ജലി'യും 7ന് 'സുഗത നൃത്താഞ്ജലി'യും അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |