കല്പറ്റ : സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പ് സമയം അവസാനിച്ചു. ചേലക്കരയിൽ മികച്ച പോളിംഗ് നടന്നപ്പോൾ വയനാട്ടിൽ പോളിംഗ് ശതമാനത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. ചേലക്കരയിലെ പല ബൂത്തുകളിലും വൈകിട്ട് ആറുമണി കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. ഇവർക്ക് ടോക്കൺ നൽകി. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് ചേലക്കരയിൽ 72.51ശതമാനമാണ് പോളിംഗ്. അതേസമയം വയനാട്ടിൽ 64.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെക്കാൾ കുറവാണിത്. വയനാട്ടിൽ പോളിംഗ് ശതമാനത്തിൽ കുറവുണ്ടായത് വിജയത്തെ ബാധിക്കില്ലെന്നാണ് കോൺഗ്രസ് പറയുന്നത്.
വയനാട്ടിൽ ഗ്രാമപ്രദേശങ്ങളിൽ രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗരപ്രദേശങ്ങളിൽ തിരക്ക് കുറവായിരുന്നു. സ്ഥാനാർത്ഥികളായ പ്രിയങ്കഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവർ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തി. ചേലക്കരയിൽ യു.ആർ. പ്രദീപ്, കെ. ബാലകൃഷ്ണൻ, രമ്യ ഹരിദാസ് എന്നിവരും ബൂത്ത് സന്ദർശനം നടത്തി. കൽപ്പാത്തി രഥോത്സവം പരിഗണിച്ച് മാറ്റിവച്ചതിനാൽ പാലക്കാട് 20നാണ് വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |