ചരിത്രവിധിക്ക് പ്രയോഗിച്ചത്
സവിശേഷാധികാരം
ന്യൂഡൽഹി: ഒരു കേസിന്റെ ബലത്തിൽ രായ്ക്കുരാമാനം ബുൾഡോസർ കയറ്റി കിടപ്പാടം ഇടിച്ചു നിരത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി.
സർക്കാർ സംവിധാനങ്ങൾക്ക് ജഡ്‌ജിയുടെ റോളെടുത്ത് ശിക്ഷ വിധിക്കാനാകില്ല. ഇത് ക്രിമിനൽ നീതിന്യായ സംവിധാനത്തിനും നിയമവാഴ്ചയ്‌ക്കും സ്വാഭാവിക നീതിക്കും എതിരാണ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ചരിത്രവിധി. ഉത്തർപ്രദേശ്, ഡൽഹി,രാജസ്ഥാൻ, ഉത്തർ പ്രദേശ് മദ്ധ്യപ്രദേശ്,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബുൾഡോസർ നീതിക്കെതിരെ സമർപ്പിച്ച ഹർജികളാണ് പരിഗണിച്ചത്.
നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ ഉദ്യോഗസ്ഥർ കാട്ടുന്ന അധികാരഹുങ്ക് അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. ഏറെ മോഹിച്ചും കഷ്ടപ്പെട്ടും കെട്ടിയുയർത്തിയ ഭവനം ഇങ്ങനെ തകർക്കുന്നത് മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. അർദ്ധരാത്രിയിൽ പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും തെരുവിലേക്ക് ഇറക്കിവിടുന്നതിനും ന്യായീകരണമില്ല.
പൗരന്മാർക്ക് സമ്പൂർണമായ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142ാം അനുച്ഛേദം നൽകുന്ന സവിശേഷാധികാരമാണ് സുപ്രീംകോടതി പ്രയോഗിച്ചത്. ജീവിക്കാനുള്ള മൗലികാവകാശത്തിൽ സുരക്ഷിത താമസവും ഉൾപ്പെടുന്നു. പൊളിക്കൽ ഉത്തരവ് നൽകിയാൽ നിയമ നടപടിക്ക് വീട്ടുകാർക്ക് സമയം നൽകണം. വിധിപ്പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയയ്ക്കും. സർക്കുലർ ഇറക്കേണ്ടത് അവരാണ്. നാലാഴ്ചയ്‌ക്കു ശേഷം വിഷയം വീണ്ടും പരിഗണിക്കും.
മാർഗരേഖ പാലിക്കാത്തവർ
നഷ്‌ടപരിഹാരം നൽകണം
നടപടിക്ക് മാർഗരേഖയും പുറപ്പെടുവിച്ചു. പാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ,പ്രോസിക്യൂഷൻ നടപടിയിലേക്ക് കടക്കും. സ്വന്തം കൈയിൽ നിന്ന് നഷ്‌ടപരിഹാരം നൽകേണ്ടിവരും.
15 ദിവസത്തെ മുൻകൂർ നോട്ടീസ്. രജിസ്ട്രേഡ് പോസ്റ്റായി അയയ്ക്കാം. നോട്ടീസ് പതിക്കാം
നോട്ടീസ് കൈമാറിയാൽ അക്കാര്യം ഇ-മെയിൽ മുഖേന ജില്ലാകളക്‌ടറെ അറിയിക്കണം
വ്യക്തിഗത ഹിയറിംഗ് നടത്തി വീട്ടുകാരെ കേൾക്കണം. എന്നിട്ടാവണം അന്തിമ ഉത്തരവ്
15 ദിവസം വീണ്ടും നൽകണം. അപ്പീലിനുള്ള സമയമാണിത്
15 ദിവസം കഴിഞ്ഞാൽ, സ്റ്റേയില്ലെങ്കിൽ ഒഴിപ്പിക്കലാവാം
പൊളിക്കൽ നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണം
തദ്ദേശസ്ഥാപനങ്ങളിൽ ഡിജിറ്റൽ പോർട്ടൽ 3 മാസത്തിനകം നിർബന്ധം
സ്വന്തം വീട് സ്വപ്നം
'സ്വന്തം വീടും, സ്വന്തം മുറ്റവും... ഈ സ്വപ്‌നം ജീവിക്കുന്നു ഓരോ ഹൃദയത്തിലും. ഒരിക്കലും മായാത്ത ആഗ്രഹമായി... പ്രമുഖ ഹിന്ദി കവി പ്രദീപിന്റെ കവിതയിലെ വരികളോടെയാണ് വിധി ആരംഭിക്കുന്നത്. ഓരോ കുടുംബത്തിന്റെയും വ്യക്തിയുടെയും സുരക്ഷിതത്വത്തിന്റെ മൂർത്തീഭാവമാണ് വീടെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |