തിരുവനന്തപുരം : സംസ്ഥാനത്ത് 50ലക്ഷം പേരിൽ 4,31,448 പേർക്കും പ്രമേഹം കണ്ടെത്തി. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് 30വയസിന് മുകളിലുള്ളവരെയാണ് പരിശോധിച്ചത്. പലരും ലക്ഷണങ്ങൾ കണ്ടിട്ടും സമയത്ത് രോഗനിർണയം നടത്താത്തതിനാൽ കടുത്ത പ്രമേഹ രോഗികളായി.
ജീവിതശൈലിയും കൊഴുപ്പുള്ള ഭക്ഷണവുമാണ് കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഐ. സി. എം. ആർ പഠനറിപ്പോർട്ടിൽ സംസ്ഥാനത്ത് ജനസംഖ്യയുടെ 18% (പ്രീ ഡയബറ്റീസ് കണ്ടീഷൻ രോഗികളാവുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിപ്പോൾ ശരിയായി. പണ്ട് 50വയസ് കഴിഞ്ഞവരിലാണ് പ്രമേഹം കണ്ടിരുന്നത്. ഇപ്പോൾ 30 കഴിഞ്ഞവരെയും പിടികൂടി. 10 വയസ് കഴിഞ്ഞാൽ പ്രമേഹം ബാധിക്കാം. മുതിർന്നരിൽ കാണുന്ന ടൈപ്പ് 2 പ്രമേഹം കുട്ടികളെയും ബാധിക്കുന്നു. നേരത്തേ ജനിതകപ്രശ്നം കാരണമുള്ള ഇൻസുലിൻ ചികിത്സ ആവശ്യമില്ലാത്ത ടൈപ്പ് 1 പ്രമേഹമായിരുന്നു കുട്ടികൾക്ക്.
ഗർഭിണികളിൽ 53%
സംസ്ഥാനത്ത് ഗർഭിണികളിൽ 53% പ്രമേഹത്തിന്റെ പിടിയിലാണ്. ഐ.സി.എം.ആറിന്റെ സഹകരണത്തോടെ ഗർഭിണിണികളിൽ നടത്തുന്ന സർവേയിലെ കണ്ടെത്തലാണിത്. ജീവിതശൈലിയാണ് കാരണം. പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിലും ജീവിത ശൈലിയിലൂടെ അത് മാറ്റാം. പുതിയ തലമുറ അതിന് ശ്രമിക്കുന്നില്ല. ഗർഭം അലസൽ, അകാല പ്രസവം, രക്തസമ്മർദ്ദം, മൂത്രാശയ രോഗങ്ങൾ എന്നിവ മാതാവിനുണ്ടാവും. ഹൃദയം, തലച്ചോർ, അംഗവൈകല്യങ്ങൾ എന്നിവ കുഞ്ഞുങ്ങൾക്ക് ഉണ്ടാകാം. 70ശതമാനം ഗർഭകാല പ്രമേഹബാധിതരിലും ഭക്ഷണം ക്രമീകരിച്ച് ഗ്ലൂക്കോസ് നിയന്ത്രിക്കാം.
രക്ഷനേടാം ജീവിതശൈലി മാറ്റാം!
1.കുട്ടിക്കാലം മുതൽ ശരിയായ ഭക്ഷണശൈലി വേണം
2.കൊഴുപ്പു കൂടിയ ന്യൂജൻ ഭക്ഷണം നിയന്ത്രിക്കണം
3.പഴങ്ങളും പച്ചക്കറികളും പ്രധാന ഭക്ഷണമാക്കണം
4.നടത്തം,സൈക്ളിംഗ് ദിനചര്യയാക്കണം
ഗർഭകാലം മുതൽ 1000 ദിവസം പഞ്ചസാരയുടെ ഉപയോഗം കുറച്ചാൽ 35% കുട്ടികൾക്ക് പ്രമേഹം കുറയ്ക്കാം. ഇത് അമ്മയ്ക്കും ഗുണകരമാണ്. കേരളത്തിൽ ഗർഭിണികളിലും കൗമാരക്കാരിലും പ്രമേഹം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് ഏറെ പ്രസക്തമാണ്.
-ഡോ.ജീമോൻ പന്ന്യംമാക്കൽ
അഡീഷണൽ പ്രൊഫസർ
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |