കൊച്ചി: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ അഞ്ചാംദിനവും നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 984.23പോയിന്റ് ഇടിഞ്ഞ് 77,690.95ൽ വ്യാപാരം അവസാനിച്ചു. നിഫ്റ്റി 324.4 പോയിന്റ് തകർന്ന് 23559.05ൽ എത്തി. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വമാണ് വിപണിക്ക് അടിയായത്. അമേരിക്കയിൽ ട്രംപ് അധികാരത്തിലെത്തിയതോടെ അവിടെ സാമ്പത്തിക മേഖല ഉണരുമെന്ന പ്രതീക്ഷയിൽ വിദേശ ഫണ്ടുകൾ പണം പിൻവലിക്കുന്നതാണ് ഇന്ത്യൻ വിപണിയെ പ്രധാനമായി പിടിച്ചുകുലുക്കിയത്. രണ്ടാംത്രൈമാസ കാലയളവിലെ ഇന്ത്യൻ കമ്പനികളുടെ ലാഭത്തിലും വിറ്റുവരവിലും ഉണ്ടായ ഇടിവിൽ ഉയരുന്ന സാമ്പത്തിക മാന്ദ്യസാധ്യതയാണ് മറ്റൊരു കാരണം. ഓഹരിവിപണിയെ കൂടാതെ സ്വർണവിലയിലും ഇടിവുണ്ടായി. 320 രൂപ കുറഞ്ഞ് പവന് 56,360 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7045 രൂപയായി.
തകർച്ചയുടെ കാരണങ്ങൾ
1. രൂപയുടെ തകർച്ച : യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.40 ആയി. ചരിത്രത്തിലെ ഏറ്റവും വലിയ കുറവാണിത്. ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയാൽ രൂപയുടെ മൂല്യം 8 മുതൽ 10 ശതമാനം ഇടിയാൻ സാദ്ധ്യതയുണ്ടെന്ന് പഠനങ്ങളുണ്ടായിരുന്നു.
2. ഡോളർ സൂചികയുടെ ഉയർച്ച : ട്രംപ് അധികാരത്തിലേറിയതിന് ശേഷം നവംബറിൽ ഡോളർ സൂചിക 1.8% ആണ് ഉയർന്നത്.
3. വിദേശനിക്ഷേപകരുടെ പിന്മാറ്റം : അമേരിക്കയിൽ ട്രംപ് അധികാരത്തിലെത്തിയതോടെ സാമ്പത്തിക മേഖല ഉണരുമെന്ന പ്രതീക്ഷയിൽ വിദേശ ഫണ്ടുകൾ പണം പിൻവലിക്കുന്നു
4. നിരക്ക് കുറയ്ക്കുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള ആശങ്കകൾ: കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയിലെ പ്രതിസന്ധികളും ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാക്കുന്നതിനാൽ നാണയപ്പെരുപ്പ ഭീഷണി ശക്തമാകുന്നു. യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെ ആഗോളതലത്തിൽ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങിയപ്പോൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിരക്കുകളിൽ മാറ്റമില്ല. ഇത് മാന്ദ്യഭീഷണി ഉയർത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |