തിരുവനന്തപുരം: ഓരോ സംസ്ഥാന സ്കൂൾ കായിക മേളകളും കൊടിയിറങ്ങുമ്പോൾ നാളെയുടെ പ്രതീക്ഷയായി ഒരുപിടി കായിക താരങ്ങൾ ഉയർന്നുവരാറുണ്ട്. ഒളിമ്പിക്സ് മാതൃകയിൽ ആദ്യമായി സംഘടിപ്പിച്ച ഇത്തവണത്തെ സ്കൂൾ കായിക മേള അവസാനിക്കുമ്പോൾ മറ്റിനങ്ങളിൽ എന്നപോലെ അത്‌ലറ്റിക്‌സിലും രാജ്യത്തിന്റെ അഭിമാനമായി ഭാവിയിലേക്ക് മുതൽക്കൂട്ടായേക്കാവുന്ന താരങ്ങൾ വരവറിയിച്ചു കഴിഞ്ഞു.
സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിലും ഷോട്ട് പുട്ടിലും റെക്കാഡ് തിരുത്തിയ പ്രകടനം കാഴ്ചവച്ച കെ.സി സെർവനും, കൊച്ചിയിൽ നാല് സ്വർണം നേടി സംസ്ഥാന സ്കൂൾ കായിക മേളയിലെ ആകെ മെഡൽ നേട്ടം പത്താക്കിയ എം.ജ്യോതികയും മുതൽ അമ്പത് ശതമാനം കാഴ്ചയുമായി സിന്തറ്റിക് ട്രാക്കിലെ പരിശീലനവും കോച്ചുമില്ലാതെ സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ പൊന്നണിഞ്ഞ കാസർഗോഡിന്റെ നിയാസ് അഹമ്മദ് വരെ . മഹാരാജാസ് കോളേജിലെ സിന്തറ്റിക്ക് ട്രാക്കിലും ഫീൽഡിലും മാറ്റുരച്ചപ്പോൾ വജ്രംപോലെ തിളങ്ങിയ പ്രതിഭകൾ ഒരുപാടുണ്ട്.
സ്കൂൾ മേളയ്‌ക്ക് അപ്പുറത്തേക്ക് രാജ്യാന്തരതലത്തിലേക്ക് ഉയരാൻ കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നൽകി ഇവരെ വളർത്തേണ്ടതുണ്ട്. അതിന് ചിട്ടയായതും ശാസ്ത്രീയവുമായ പരിശീലനം ആവശ്യമാണ്. സീനിയർ ഡിസ്‌കസ് ത്രോയിൽ ഇത്തവണ ദേശീയ സ്കൂൾ മീറ്റിലെ റെക്കാഡ് മറികടക്കുന്ന പ്രകടനം പുറത്തെടുത്ത സെർവൻ എറിഞ്ഞത് 60.24 മീറ്ററാണ്. പിതാവ് ഗിരീഷിന്റെ കെ.സി ത്രോസിലാണ് സെർവാന്റെ പരിശീലനം. ഇപ്പോഴേ ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകിക്കഴിഞ്ഞാൽ സെർവനെപ്പോലുള്ള താരങ്ങൾ ഒളിമ്പിക്സ് വേദികളിൽ പോലും ഇന്ത്യയുടെ അഭിമാനമാകും.
ഇവരെ ശ്രദ്ധിക്കാം
കെ.സി സെർവൻ
ഡിസ്കസ് ത്രോ, ഷോട്ട്പുപുട്ട്
രണ്ടിലും റെക്കാഡാടെ സ്വർണം
(ജി.എച്ച്. എസ്. എസ് കുട്ടമത്ത് കാസർഗോഡ്)
മുഹമ്മദ് അമീൻ
3000 മീറ്റർ, 1500 മീറ്റർ
റെക്കാഡോടെ സ്വർണം, ക്രോസ് കൺട്രിയിലും സ്വർണം
(കെ.എം.എം എച്ച്എസ്എസ് ചീക്കോട് മലപ്പുറം)
മുഹമ്മദ് അഷ്ഫാക്ക്
400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും സ്വർണം
400 മീറ്ററിൽ റെക്കാഡ്
(ജി.വി രാജ തിരുവനന്തപുരം)
എം. ജ്യോതിക
200, 400, 400 ഹർഡിൽസ്, 4-100 റിലേ എന്നിവയിൽ സ്വർണം
( പറളി എച്ച്.എസ്, പാലക്കാട്),
എം.അമൃത്
400, 800, 1500 മീറ്ററുകളിൽ സ്വർണം
(കല്ലടി എച്ച്.എസ് കുമരംപുത്തൂർ, പാലക്കാട്)
ആർ. ശ്രേയ
100, 200, 4-400 മീറ്റർ സ്വർണം, 400 മീറ്റർ വെള്ളി
(സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ് ആലപ്പുഴ)
പി.കെ സായൂജ്
400, 200 മീറ്ററുകളിൽ സ്വർണം, 100 മീറ്ററിൽ വെങ്കലം
(ജി.വി രാജ തിരുവനന്തപുരം)
അൽക്ക ഷിനോജ്
200,400,600 മീറ്ററുകളിൽ സ്വർണം
( സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയൽ, കോഴിക്കോട്)
നിയാസ് അഹമ്മദ്
സബ് ജൂനിയർ 100 മീറ്റർ സ്വർണം
(അംഗഡി മൊഗർ ജി.എച്ച്.എസ്.എസ് ,കാസർകോട്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |