മഞ്ചേരി: കാലവർഷം കനക്കുകയും ദുരന്തം പെയ്തിറങ്ങുകയും ചെയ്യുമ്പോൾ കടുത്ത ആശങ്കയിലാണ് മഞ്ചേരി ചെങ്ങരയിൽ കൊട്ടാവ് മലയുടെ താഴ്വാരം. മലയിൽ മണ്ണിടിച്ചിൽ സജീവമാണ്. ശക്തമായ ഉരുൾപൊട്ടലുണ്ടായാൽ മലയുടെ താഴ്വാരത്തുള്ള അറുപതോളം വീടുകൾ മണ്ണിനടിയിലാവുമെന്നതാണ് അവസ്ഥ.
1994 മുതൽ ചെങ്ങര കൊട്ടാവു മലയിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നുണ്ട്. ഇത്തവണയും സ്ഥിതിയിൽ മാറ്റമില്ല. പലഭാഗങ്ങളിലായി മണ്ണിടിഞ്ഞു മല തന്നെ താഴുന്ന പ്രതിഭാസമാണ് ഇവിടെ നിലനിൽക്കുന്നത്. മഴ ശക്തമായി തുടരുമ്പോൾ മലയിടിഞ്ഞു വീഴാവുന്ന സ്ഥിതി താഴ്വാരത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. അറുപതോളം കുടുംബങ്ങളാണ് മലക്കു താഴെയുള്ളത്. മലയിൽ വിള്ളൽ വീഴുകയും മണ്ണിടിച്ചിൽ ആരംഭിക്കുകയും ചെയ്യുമ്പോൾ സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയുമെല്ലാം ബന്ധു വീടുകളിലേക്കു മാറ്റിയിരിക്കുകയാണ് നാട്ടുകാർ.
മഴ കനക്കുമ്പോൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറുകയാണ് ഇപ്പോൾ നാട്ടുകാർ. കൊട്ടാവുമല ഇടിയുന്ന പ്രതിഭാസം എന്തു കാരണത്താലെന്ന് ഇന്നാട്ടുകാർക്കറിയില്ല. എന്നാൽ ഏതു സമയവും തകരാവുന്ന നിലയിലാണ് മല. റബ്ബർ തോട്ടമാണ് മലമുകളിൽ. കൂറ്റൻ ഉരുളൻ കല്ലുകളും താഴെ പതിക്കാവുന്ന നിലയിൽ നിൽക്കുന്നു.ഇവിടെനിന്നു മാറി താമസിക്കുന്നവരും അശാന്തിയിലാണ് ഓരോ ദിവസങ്ങളും തള്ളി നീക്കുന്നത്. ജീവിതകാലം മുഴുവനായി ആർജിച്ച സമ്പാദ്യങ്ങളെല്ലാം നഷ്ടമാവുമെന്ന ഭീതിയെക്കാൾ ഉറ്റവരുടെ ജീവനും ഇവരുടെ ഉറക്കം കെടുത്തുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ജിയോളജി, റവന്യു വകുപ്പധികൃതരും തദ്ദേശഭരണപ്രതിനിധികളും ഇവിടെ സന്ദർശിച്ചിരുന്നു. എന്നാൽ പ്രശ്നമെന്തെന്നു നാട്ടുകാരെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ടവർക്കായിട്ടില്ല. മറ്റൊരു കവളപ്പാറയും പുത്തൂർമലയും കൊട്ടാവു മലയിലും ആവർത്തിക്കരുതെന്നു ഇന്നാട്ടുകാർ ഉള്ളുരുകി പറയുന്നത് വെറുംവാക്കാവാതിരിക്കാൻ അടിയന്തര ഇടപെടൽ അനിവാര്യമാണ്.