തിലക് വർമ്മയ്ക്ക് സെഞ്ച്വറി(107*), അഭിഷേക് ശർമ്മയ്ക്ക് (50) അർദ്ധസെഞ്ച്വറി
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് 11 റൺസ് വിജയം
സെഞ്ചൂറിയൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി-20യിൽ തകർപ്പൻ സെഞ്ച്വറി നേടിയ തിലക് വർമ്മയുടെയും (56 പന്തുകളിൽ 107 റൺസ് ) അർദ്ധ സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയുടേയും (25 പന്തുകളിൽ 50 റൺസ്) മികവിൽ ഇന്ത്യയ്ക്ക് 11 റൺസ് വിജയം. സെഞ്ചൂറിയനിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. പൊരുതിനോക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷേ 208/7 എന്ന സ്കോറിലേ എത്താനായുള്ളൂ.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് നാലോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലോവറിൽ 54 റൺസ് വഴങ്ങിയെങ്കിലും വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ ഇന്ത്യ നാലുമത്സര പരമ്പരയിൽ 2-1ന് മുന്നിലെത്തി.നാലാം മത്സരം വെള്ളിയാഴ്ച നടക്കും.
സഞ്ജു വീണ്ടും ഡക്ക്
ആദ്യ ട്വന്റി -20യിൽ സെഞ്ച്വറി നേടിയിരുന്ന മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി. ഇന്നലെ സെഞ്ചൂറിയനിൽ ഓപ്പണറായി എത്തിയ സഞ്ജു നേരിട്ട രണ്ടാം പന്തിൽ മാർക്കോ യാൻസന്റെ ബൗളിംഗിൽ ക്ളീൻ ബൗൾഡാവുകയായിരുന്നു. രണ്ടാം ട്വന്റി-20യിലും യാൻസൻ സഞ്ജുവിനെ ബൗൾഡാക്കുകയായിരുന്നു. ഈ കലണ്ടർ വർഷം അഞ്ചാം തവണയാണ് സഞ്ജു ട്വന്റി-20യിൽ ഡക്കാവുന്നത്.
തിലകാഭിഷകം
സഞ്ജു പുറത്തായശേഷം ഉത്തരവാദിത്വത്തോടെ ബാറ്റുവീശിയ അഭിഷേക് ശർമ്മയും തിലക് വർമ്മയും ചേർന്നാണ് ഇന്ത്യയെ മുന്നോട്ടുനയിച്ചത്. 107 റൺസാണ് ഇവർ രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കുറച്ചുനാളായി ഫോമില്ലായിരുന്ന അഭിഷേക് 25 പന്തുകളിൽ മൂന്ന്ഫോറും അഞ്ചു സിക്സുമടക്കം 50 റൺസിലെത്തിയപ്പോഴാണ് പുറത്തായത്. കേശവ് മഹാരാജിനെ ഇറങ്ങിയടിക്കാനൊരുങ്ങിയ അഭിഷേകിനെ കീപ്പർ ക്ളാസൻ സ്റ്റംപ് ചെയ്തു വിടുകയായിരുന്നു. തിലക് 32 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സുമടക്കം 50 റൺസിലെത്തി. പത്താം ഓവറിൽ സൂര്യകുമാർ യാദവിനെയും 13-ാം ഓവറിൽ ഹാർദിക് പാണ്ഡ്യയേയും (18) ഇന്ത്യയ്ക്ക് നഷ്ടമായി.തുടർന്ന് അവസാനം വരെ ക്രീസിൽ നിന്ന് തിലക് വർമ്മ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടുകയായിരുന്നു. 56 പന്തുകളിൽ എട്ടുഫോറും ഏഴ്സിക്സുകളുമാണ് തിലക് പായിച്ചത്. ഇതിനിടയിൽ റിങ്കു സിംഗിനേയും (8), രമൺദീപ് സിംഗിനെയും (15) കൂടി ഇന്ത്യയ്ക്ക് നഷ്ടമായി.
പൊരുതിവീണ് ആഫ്രിക്ക
മറുപടിക്കിറങ്ങിയ ആതിഥേയരുടെ ഓപ്പണർ റയാൻ റിക്കിൾട്ടണിനെ(20) മൂന്നാം ഓവറിൽ അർഷ്ദീപ് സിംഗ് ബൗൾഡാക്കി. റീസയെ(21) ആറാം ഓവറിൽ വരുണിന്റെ പന്തിൽ സഞ്ജു സ്റ്റംപ് ചെയ്തു.ഒൻപതാം ഓവറിൽ സ്റ്റബ്സിനെ (12) അക്ഷർ പട്ടേലും അടുത്ത ഓവറിൽ മാർക്രമിനെ(29) വരുണും മടക്കി അയച്ചതോടെ ദക്ഷിണാഫ്രിക്ക 10 ഓവറിൽ 84/4 എന്ന നിലയിലായി. തുടർന്ന് മില്ലറും(18) ക്ളാസനും ചേർന്ന് സ്കോർ ഉയർത്തിയെങ്കിലും 16-ാം ഓവറിൽ പാണ്ഡ്യയുടെ പന്തിൽ ബൗണ്ടറി ലൈനിനരികിലെ തകർപ്പൻ ക്യാച്ചിലൂടെ അക്ഷർ പട്ടേൽ മില്ലറെ പുറത്താക്കി 142/5 എന്ന നിലയിലാക്കി. 18-ാം ഓവറിൽ ക്ളാസനെ (41) അർഷ്ദീപ് പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക തോൽവിയിലേക്ക് നീങ്ങി.എന്നാൽ മാർക്കോ യാൻസൻ 17 പന്തുകളിൽ നാലുഫോറും അഞ്ച് സിക്സുമടക്കം 54 റൺസ് നേടിയെങ്കിലും ജയിക്കാൻ 25റൺസ് വേണ്ടിയിരുന്ന അവസാന ഓവറിന്റെ മൂന്നാം പന്തിൽ അർഷ്ദീപിന്റെ ബൗളിംഗിൽ എൽ.ബിയിൽ കുരുങ്ങി മടങ്ങി.
തിലക് വർമ്മയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി
56 പന്തുകൾ ,8 ഫോറുകൾ,7 സിക്സുകൾ
ടോപ്ടെൻ രാജ്യങ്ങൾക്ക് എതിരെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം
ഇന്നിംഗ്സിലെ മൂന്നാം പന്തുമുതൽ അവസാനപന്തുവരെ തിലക് ക്രീസിലുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |