ന്യൂഡൽഹി: പിഎച്ച്.ഡി വിദ്യാർത്ഥിയായ ഇക്രാമുദ്ദീൻ കാമിലിനെ മുംബയിലെ ഓഫീസിൽ ആക്ടിംഗ് കോൺസുലാർ ജനറൽ തസ്തികയിൽ നിയമിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഡൽഹി സൗത്ത് ഏഷ്യ യൂണിവേഴ്‌സിറ്റിയിൽ കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പോടെ പഠിക്കുന്ന ആളാണ് ഇക്രാമുദ്ദീൻ കാമിൽ. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല. നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനും വിസാ അപേക്ഷ അടക്കം കോൺസുലർ പ്രവർത്തനങ്ങൾ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് നിയമനമെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മുൻ കോൺസലർ ജനറൽ സകിയ വാർദാക്ക് ഇക്കഴിഞ്ഞ മെയിൽ സ്വർണക്കടത്തിന് അറസ്റ്റിലായ ശേഷം പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. 2021ൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം നയതന്ത്ര ബന്ധം തടസപ്പെട്ടെങ്കിലും ധാരാളം വിദ്യാർത്ഥികളും മെഡിക്കൽ ടൂറിസ്റ്റുകളും വരുന്നത് കണക്കിലെടുത്ത് ഡൽഹി, മുംബയ്, ഹൈദരാബാദ് അഫ്ഗാൻ മിഷനുകൾ പ്രവർത്തിക്കുന്നുണ്ട്.
അടുത്തിടെ വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ-ഇറാൻ ഡെസ്‌ക് തലവൻ ജെ.പി. സിംഗ്, കാബൂളിൽ അഫ്ഗാൻ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് ഉൾപ്പെടെ താലിബാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ നിർമ്മിക്കുന്ന ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അഫ്‌ഗാനിസ്ഥാന്റെ സഹായം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |