തിരുവനന്തപുരം: ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി നാളെ നട തുറക്കാനിരിക്കെ ഒരുക്കങ്ങൾ പൂർത്തിയായി. ദിവസം 18 മണിക്കൂർ ദർശന സൗകര്യമൊരുക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുലർച്ചെ മൂന്നിന് നട തുറക്കും. ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശനം. ദിവസം 80,000 പേർക്ക് ദർശനം നടത്താം. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്തും 10,000 പേർക്ക് തത്സമയ ബുക്കിംഗിലൂടെയുമാണിത്. തത്സമയ ഓൺലൈൻ ബുക്കിംഗിന് ആധാർകാർഡോ പകർപ്പോ നിർബന്ധമാണ്. ബുക്കിംഗിന് പമ്പയിൽ ഏഴ് കൗണ്ടറും എരുമേലിയിലും വണ്ടിപ്പെരിയാറിലും ക്രമീകരണവുമൊരുക്കും.
നിലയ്ക്കൽ, പമ്പ ഹിൽടോപ്പ്, ചക്കുപാലം 2 എന്നിവിടങ്ങളിലായി ഒരേസമയം 15,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഫാസ്റ്റ് ടാഗ് വഴിയാണ് പാർക്കിംഗ് ഫീസ് സ്വീകരിക്കുക. എരുമേലിയിൽ ഭവനനിർമാണ ബോർഡിന്റെ സ്ഥലത്ത് പാർക്കിംഗ് സജ്ജമാക്കും.
പമ്പയിൽ ഒരേസമയം 6,000 പേർക്ക് വരിനിൽക്കാനാവുന്ന ഒൻപത് നടപന്തലുകൾ ക്രമീകരിച്ചു. നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നിവിടങ്ങളിലായി 25000 പേർക്ക് വിരി വയ്ക്കാം. സന്നിധാനത്ത് പതിനായിരം പേർക്കും.
□ശരംകുത്തിയിലെ ബോയിലറിന്റെ ഉത്പാദനശേഷി മണിക്കൂറിൽ 10,000 ലിറ്ററാക്കി. ശരംകുത്തി മുതൽ സന്നിധാനം വരെ 60 ചുക്കുവെള്ള കൗണ്ടറുകളുണ്ട്.
□പമ്പയിൽ 3,000 സ്റ്റീൽ ബോട്ടിലുകളിൽ വെള്ളം നിറച്ച് ഭക്തർക്ക് നൽകും. മലയിറങ്ങുമ്പോൾ ബോട്ടിൽ തിരികെ നൽകണം.
□16നകം 40 ലക്ഷം അരവണ ടിന്നുകളെത്തിക്കും
□അഞ്ചുലക്ഷത്തിന്റെ അപകട ഇൻഷ്വറൻസ് ഏർപ്പെടുത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകൾക്ക് പ്രയോജനം ലഭിക്കും.
□തീർത്ഥാടനത്തിനിടെ മരിക്കുന്ന ഭക്തരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേരളത്തിനകത്ത് 30,000 രൂപ വരെയും പുറത്ത് ഒരുലക്ഷം വരെയും .
□മരക്കൂട്ടം മുതൽ ചന്ദ്രാനന്ദൻ റോഡ് ജ്യോതിനഗർ വരെ 1500 സ്റ്റീൽ കസേരകൾ ഒരുക്കും. □കാർഡിയോളജി ഡോക്ടർമാരടക്കം മെഡിക്കൽ സംഘത്തേയും സജ്ജമാക്കും. പ്രശസ്ത ന്യൂറോസർജൻ ഡോ.റാം നാരായണന്റെ നേതൃത്വത്തിൽ 100 ഡോക്ടർമാർ സൗജന്യസേവനത്തിന് സന്നദ്ധരാണെന്നും പ്രസിഡന്റ് അറിയിച്ചു. അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ശബരിമലയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ
സേവനം ഉറപ്പാക്കണം:ഹൈക്കോടതി
കൊച്ചി: മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ എല്ലാ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, കരിമല, എരുമേലി എന്നിവിടങ്ങളിൽ ഹൃദ്രോഗ ചികിത്സയ്ക്കടക്കം വിദഗ്ദ്ധ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കണം. ആശുപത്രികളുടെയും ക്ലിനിക്കുകളുടെ പ്രവർത്തനം ഇടയ്ക്കിടെ വിലയിരുത്തി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു.
ശബരിമലയിൽ അയ്യപ്പസേവാസംഘം ദേവസ്വത്തിന് കൈമാറുന്ന കെട്ടിടത്തിൽ ഭക്തർക്കായിരിക്കണം പ്രധാന പരിഗണന. ദേവസ്വത്തിന്റെ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. മറ്റാരെങ്കിലും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും. ശബരിമലയിൽ സൗജന്യമായി സേവനമനുഷ്ഠിക്കാൻ സന്നദ്ധത അറിയിച്ച അയൽ സംസ്ഥാനങ്ങളിലെയടക്കം വിശ്വാസികളായ ഡോക്ടർമാരുടെ ആവശ്യങ്ങൾ കോടതി പരിഗണിച്ചില്ല. ഇവർക്ക് താമസത്തിനും ദർശനത്തിനും പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വാക്കാൽ പറഞ്ഞു. ശബരിമലയിൽ സേവനത്തിന് സർക്കാർ ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ശബരിമല റോപ് വേ: പെരുമാറ്റച്ചട്ടം
അവസാനിച്ച ശേഷം പരിഗണിക്കും
തിരുവനന്തപുരം: പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമുള്ള മന്ത്രിസഭായോഗം ശബരിമല റോപ് വേ സംബന്ധിച്ച വിഷയം പരിഗണിക്കും. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമാണ് റോപ് വേ. 250 കോടി ചെലവിൽ 270 മീറ്റർ ദൂരത്തിലാണ് റോപ് വേ നിർമ്മിക്കുക. ഒരു വശത്തേക്ക് 10 മിനിറ്റാണ് യാത്രാസമയം. നേരത്തെ പദ്ധതിയ്ക്കായി ഏഴു പില്ലറുകളാണ് നിർമ്മിക്കാനിരുന്നത്. 300 മരങ്ങളും മുറിക്കേണ്ടി വരും. എന്നാൽ പുതുക്കിയ രൂപരേഖയിൽ പില്ലറുകൾ അഞ്ചായി. മുറിക്കേണ്ട മരങ്ങളുടെ എണ്ണം 80 ആയി കുറഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ശബരിമലയെ പ്ലാസിറ്റിക് മാലിന്യമുക്തമാക്കുന്നതിനായി ഗായിക കെ.എസ്. ചിത്ര, സംഗീത സംവിധായകൻ വിദ്യാസാഗർ, വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി ബോധവത്കരണ വീഡിയോകൾ തയ്യാറാക്കുമെന്നും പ്രശാന്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |