വാഷിംഗ്ടൺ : ശതകോടീശ്വരൻ ഇലോൺ മസ്‌കിനെയും ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയേയും 'കാര്യക്ഷമത ഡിപ്പാർട്ട്മെന്റിന്റെ' തലപ്പത്ത് നിയമിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് പുതുതായി പ്രഖ്യാപിച്ച സർക്കാർ ഏജൻസിയാണിത് - ഡോഷ് ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി).ചെലവ് ചുരുക്കലിന് വേണ്ടി വാദിക്കുന്ന ഇലോൺ മസ്കിന്റെ ക്രിപ്റ്റോ കറൻസിയായ ഡോഷ് കോയിനുള്ള അംഗീകാരം കൂടിയാണ് ഈ പേര്.
സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. ഡോഷ് സർക്കാരിന് പുറത്തുനിന്ന് മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിലുണ്ടായിരുന്ന മസ്കിനും വിവേകിനും സുപ്രധാന പദവികൾ നൽകുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പീറ്റ് ഹെഗ്‌സെത്ത്
പ്രതിരോധ സെക്രട്ടറി
ഫോക്‌സ് ന്യൂസ് അവതാരകനും ആർമി മുൻ മേജറുമായ പീറ്റ് ഹെഗ്‌സെത്ത് (44) പ്രതിരോധ സെക്രട്ടറിയാകും. ഇറാക്ക്, അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള ഹെഗ്‌സെത്ത് നാറ്റോയുടെ വിമർശകനാണ്. മുൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ് (സി.ഐ.എ ഡയറക്ടർ), സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോം (ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി) എന്നിവരും ക്യാബിനറ്റിന്റെ ഭാഗമാകും. അതേസമയം, ജനപ്രതിനിധി സഭയിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സീറ്റ് 216 ആയി. 218 ആണ് ഭൂരിപക്ഷം. 12 സീറ്റുകളിലെ ഫലപ്രഖ്യാപനം വൈകുന്നു. ഡെമോക്രാറ്റുകൾ 207 സീറ്റ് നേടി.
# എന്താണ് ഡോഷ് ?
1. സർക്കാർ ചെലവുകൾ അടിമുടി മാറ്റും
2. യു.എസ് കോൺഗ്രസിൽ നിയമം പാസായ ശേഷമേ ഡോഷ് നിലവിൽ വരൂ
3. ഫെഡറൽ എക്സിക്യൂട്ടീവ് വകുപ്പ് അല്ല (വിദേശം, പ്രതിരോധം, ധനം തുടങ്ങിയവ )
4. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫീസുമായോ മാനേജ്മെന്റ് ആൻഡ് ബഡ്ജറ്റ് ഓഫീസുമായോ ചേർന്ന് പ്രവർത്തിക്കുന്ന പ്രസിഡൻഷ്യൽ കമ്മിഷനായേക്കും
5. 2026 ജൂലായ് വരെ ഏജൻസി പ്രവർത്തിക്കും
# വിവേക് - ഇന്ത്യൻ വേരുകൾ
കോടീശ്വരൻ, റോയ്‌വന്റ് സയൻസസ് എന്ന ബയോടെക്നോളജി കമ്പനിയുടെ സ്ഥാപകൻ
രാഷ്ട്രീയ പദവികൾ വഹിച്ചിട്ടില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ പ്രൈമറിയിൽ മത്സരിച്ചെങ്കിലും ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറി
ഒഹായോയിലെ സിൻസിനാറ്റിയിൽ ജനിച്ചുവളർന്ന വിവേകിന്റെ മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയ തമിഴ് വേരുകളുള്ള പാലക്കാട് സ്വദേശികൾ
# ഡോഷും മസ്‌കും
ജനപ്രിയ ക്രിപ്റ്റോ കറൻസിയായ ഡോഷ്കോയിൻ അറിയപ്പെടുന്നതും ഡോഷ് എന്നാണ്. 'ഷിബ ഇനു' വർഗത്തിലെ നായയാണ് ചിഹ്നം. ഇന്റർനെറ്റ് മീം ആയിരുന്ന ഷിബ ഇനുവിന്റെ ഓമനപ്പേരായിരുന്നു ഡോഷ്. ഇത് ക്രിപ്റ്റോകറൻസിക്കും നൽകി.
മസ്‌ക് ഈ കറൻസിയെ പിന്തുണയ്ക്കുന്നു. ടെസ്‌ല ഡോഷ്കോയിൻ ഇടപാടിന് മസ്‌ക് അംഗീകാരം നൽകിയിരുന്നു. 2022ൽ മസ്ക് എക്സ് (നേരത്തെ ട്വിറ്റർ) ഏറ്റെടുത്തതിന് പിന്നാലെ ലോഗോ ആയിരുന്ന നീലക്കിളിയെ മാറ്റി ഡോഷ് നായയെ താത്കാലിക ലോഗോ ആക്കി. ഡോഷ്കോയിനിന്റെ വിപണി മൂല്യം 400 കോടി ഡോളർ വർദ്ധിക്കാൻ ഇത് സഹായിച്ചു. ഡോഷ്കോയിനും മസ്കും ഇന്റർനെറ്റിൽ ട്രെൻഡിംഗ് ആണ്.
സർക്കാരിലെ മാലിന്യങ്ങളെയും തട്ടിപ്പുകളെയും പുറത്തുകൊണ്ടുവരാനും അമേരിക്കയെ വീണ്ടും ഉന്നതിയിലെത്തിക്കാനും മസ്‌കിനും വിവേകിനും കഴിയും.
- ഡൊണാൾഡ് ട്രംപ്
# ട്രംപ് - ബൈഡൻ കൂടിക്കാഴ്ച
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്നലെ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ട്രംപിനെ അഭിനന്ദിച്ച ബൈഡൻ സമാധാനപരവും സുഗമവുമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. ജനുവരി 20നാണ് ട്രംപ് അധികാരമേൽക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |