വാഷിംഗ്‌ടൺ: ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കൻ ജനപത്രിനിധി സഭയിലെ ആദ്യ ഹിന്ദു അംഗമായ തുൾസി ഗബാർഡ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറാകുന്നു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുറച്ചുനാൾ മുമ്പുവരെ ട്രംപിന്റെ ശത്രുപക്ഷത്തായിരുന്ന തുൾസി ഇപ്പോൾ അദ്ദേഹത്തിന്റെ കടുത്ത അനുയായിയാണ്. പരിചയ സമ്പന്നരെക്കാൾ തനിക്ക് വേണ്ടപ്പെട്ടവരെ താക്കോൽ സ്ഥാനങ്ങളിൽ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് തുൾസിയെ ഇന്റലിജൻസ് ഡയറക്ടറാക്കുന്നത്.
കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയാകാനുള്ള മത്സരത്തിൽ തുൾസിയും ഉണ്ടായിരുന്നെങ്കിലും ഒടുവിൽ പിന്മാറുകയായിരുന്നു. 2022 വരെ ഡെമോക്രാറ്റിക് പക്ഷത്തായിരുന്നു തുൾസി പിന്നീട് ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിയിലേക്ക് കളംമാറ്റി. ഇത്തവണ ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചവരിൽ തുൾസിയുമുണ്ടായിരുന്നു. ട്രംപിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയപ്പോൾ ഒരുവിഭാഗം ഹിന്ദു അമേരിക്കക്കാരിയായ തനിക്കുനേരെ മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് തുൾസി പരാതിപ്പെട്ടിരുന്നു. പ്രചാരണത്തിനെതിരെ വീറോടെ മുന്നിൽ നിന്നശേഷമാണ് അവർ മത്സരത്തിൽ നിന്ന് പിന്മാറിയത്.
അമ്മ അമേരിക്കക്കാരിയാണെങ്കിലും കടുത്ത ഹിന്ദുമത വിശ്വാസിയാണ് തുൾസി. ജനപ്രതിനിധി സഭയിൽ അംഗമായപ്പോൾ ഭഗവദ് ഗീതയിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. തുൾസി മാത്രമല്ല അമ്മ കരോൽ ഗബ്ബാർഡും ഹിന്ദുമതത്തോട് താത്പര്യമുളള ആളാണ്. തുൾസിയുടെ സഹോദരങ്ങൾക്കും അവർ ഹിന്ദു പേരുകളാണ് നൽകിയത്. പേരുകേട്ട് പലപ്പോഴും തുൾസി ഒരു ഇന്ത്യൻ വശംജയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.
മന്ത്രയോഗ, യോഗ, കീർത്തനം എന്നിവയിൽ അവർക്ക് അതിയായ താൽപര്യവുമുണ്ടായിരുന്നു. അതിനാൽ തന്നെ ചെറുപ്പകാലം മുതൽ ഹിന്ദുമതത്തോട് അടുക്കുകയും ഹിന്ദുമത വിശ്വാസങ്ങൾ പാലിക്കുകയും ചെയ്തു തുടങ്ങി. ഭഗവത് ഗീതയെക്കുറിച്ച് അവർ ആഴത്തിൽ പഠിച്ചു. അതോടെ ഹിന്ദുമതത്തോട് കൂടുതൽ അടുക്കുകയായിരുന്നു. ജീവിതത്തിലുടനീളം ഭഗവാൻ കൃഷ്ണൻ തനിക്ക് ജ്ഞാനവും ആത്മീയ ആശ്വാസവും നൽകുന്നുവെന്ന് അവർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
സൈനിക സേവനത്തിലും തുൾസി കഴിവുതെളിയിച്ചിട്ടുണ്ട്. രണ്ടുപതിറ്റാണ്ടിലേറെ ആർമി നാഷണൽ ഗാർഡിൽ അംഗമായിരുന്ന തുൾസി ഇറാക്കിലും കുവൈറ്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 മുതൽ 2009 വരെ കുവൈറ്റിൽ സേവനമനുഷ്ഠിച്ച അവർ കുവൈറ്റ് സൈനിക കേന്ദ്രത്തിൽ പ്രവേശിച്ച ആദ്യ വനിതികളിൽ ഒരാളായിരുന്നു. 2015 ഒക്ടോബർ 12ന് മേജറായി അവർ സ്ഥാനക്കയറ്റം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |