മുംബയ്: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. വെടിവച്ച ശേഷം സിദ്ദിഖി മരിച്ചോ അതോ രക്ഷപ്പെട്ടോ എന്നറിയാൻ അദ്ദേഹം ചികിത്സയിലായിരുന്ന ലീലാവതി ആശുപത്രിക്ക് പുറത്ത് താൻ നിന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
വെടിവയ്‌പ്പിന് ശേഷം ധരിച്ചിരുന്ന വസ്‌ത്രം മാറി പുതിയ ഷർട്ട് ധരിച്ചുകൊണ്ടാണ് പ്രതിയായ ശിവ് കുമാർ ഗൗതം ആശുപത്രിക്ക് പുറത്തുള്ള ആൾക്കൂട്ടത്തിനിടയിൽ നിന്നത്. സിദ്ദിഖിയുടെ നില അതീവ ഗുരുതരമാണെന്ന് അറിഞ്ഞതോടെയാണ് ഇയാൾ സ്ഥലംവിട്ടത്.
കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനുമായി താൻ ആശയവിനിമയം നടത്തിയിരുന്നുവെന്ന് ശിവ് കുമാർ നേരത്തേ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ബാബാ സിദ്ദിഖിയേയോ മകൻ സീഷനെയോ വധിക്കാൻ ശിവ് കുമാറിന് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി നിർദേശം നൽകിയിരുന്നു. ആദ്യ കാണുന്നവനെ വെടിവെയ്ക്കാനായിരുന്നു നിർദേശം.
ദൈവത്തിനും സമൂഹത്തിനും വേണ്ടിയാണ് ഈ കൊലപാതകമെന്ന് അൻമോൽ ശിവ് കുമാറിനോട് പറഞ്ഞിരുന്നതായും പൊലീസ് വ്യക്തമാക്കി. നിലവിൽ കാനഡയിലുണ്ടെന്ന് കരുതപ്പെടുന്ന അൻമോൽ ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണ്.
നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രേദശിൽ വച്ചാണ് ശിവ് കുമാർ പിടിയിലാകുന്നത്. ഇയാൾക്ക് താമസസൗകര്യം ഒരുക്കിയതിന്റെയും നേപ്പാളിലേക്ക് കടക്കാൻ സഹായിച്ചതിന്റെയും പേരിൽ അനുരാഗ് കശ്യപ്, ഗ്യാൻ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിംഗ് എന്നീ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒക്‌ടോബർ 12ന് രാത്രി 9.11നാണ് മുബയിലെ ബാന്ദ്രയിൽ വച്ച് 66കാരനായ ബാബാ സിദ്ദിഖിക്ക് വെടിയേറ്റത്. നെഞ്ചിൽ രണ്ട് വെടിയുണ്ടകൾ തുളച്ചുകയറിയ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |