പാലക്കാട്: പാലക്കാട്ടെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു. ജില്ലാ സെക്രട്ടറിയായ കൃഷ്ണ കുമാരിയാണ് പാർട്ടി വിട്ടത്. പുതിയ വിഷയത്തിൽ പാലക്കാട് മഹിള കോൺഗ്രസ് പ്രസിഡന്റ് സിന്ധു മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. കൃഷ്ണ കുമാരി കോൺഗ്രസിൽ നിന്ന് പോയതിൽ സന്തോഷം മാത്രമേ ഉളളൂവെന്നാണ് പ്രതികരണം.
ഒന്നരവർഷം മുമ്പ് കൃഷ്ണകുമാരിയെ പുറത്താക്കിയതാണെന്നും പാർട്ടിയുമായും സംഘടനയുമായും സഹകരിക്കാത്തയാളാണ് കൃഷ്ണകുമാരിയെന്നുമാണ് സിന്ധു പറഞ്ഞത്. 'ബ്ലോക്ക് പ്രസിഡന്റായിരുന്ന കൃഷ്ണകുമാരിയെ പിന്നീടാണ് ജില്ലാ സെക്രട്ടറിയാക്കിയത്. പോകുന്നവർ പോകട്ടെ, സംഘടനയ്ക്ക് ഒന്നും സംഭവിക്കില്ല'-സിന്ധു പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലയാണ് അതൃപ്തി പ്രകടിപ്പിച്ച് ഡിജിറ്റൽ മീഡിയ കണവീനറായിരുന്ന ഡോക്ടർ.പി സരിൻ പാർട്ടി വിട്ടത്. രാഹുലിന്റെ സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കണമെന്ന് സരിന്‍ ആവശ്യപ്പെട്ടെങ്കിലും പാർട്ടി വഴങ്ങിയില്ല. ഇതോടെയാണ് സരിന്‍ പാർട്ടി വിട്ട് പുറത്തേക്ക് വരുന്ന സാഹചര്യമുണ്ടായത്. ഇതോടെ സരിന് പിന്തുണയുമായി സിപിഎം രംഗത്തെത്തുകയായിരുന്നു.സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് പാർട്ടി വിട്ടതും വാർത്തയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |