തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഏഴ് മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു. ഇതോടെ സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 103 ആയി. കവളപ്പാറയിൽ മാത്രം മരണം 30 ആയി. കവളപ്പാറയിൽ 29 പേരെ കൂടി കണ്ടെത്താനുണ്ട്.
ഇന്നലെ കണ്ടെടുത്തതിൽ നാല് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഭവ്യ, വിഷ്ണുപ്രിയ, ചക്കി, സ്വാതി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പ്രദേശത്ത് കനത്ത കാലവർഷവും കോടമഞ്ഞും തുടരുന്നതിനാൽ തെരച്ചിൽ ദുഷ്കരമാണ്. മണ്ണ്മാന്തി അടക്കമുള്ള യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ നടക്കുന്നത്. അവശിഷ്ടങ്ങൾക്കടിയിൽ ശാസ്ത്രീയ പരിശോധന നടത്തി ആളുകളെ കണ്ടെത്താൻ ആലോചിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയിൽ അത് പ്രായോഗികമായില്ല. പുറത്തെടുത്ത മൃതദേഹങ്ങളിൽ മിക്കതും അഴുകിത്തുടങ്ങിയിരുന്നു. തിരിച്ചറിയാൻ കഴിയാത്തതിന് ഒരു കാരണം ഇതാണ്.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പുത്തുമലയിൽ മൂന്നാം ദിവസവും തെരച്ചിൽ തുടർന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. ഏഴു പേർക്കായാണ് തെരച്ചിൽ നടത്തുന്നത്. ശക്തമായ മഴയാണ് പുത്തുമലയിലും തെരച്ചിലിന് തടസമാകുന്നത്. വടക്കൻ ജില്ലകളിൽ ഇന്നലെയും കാലവർഷം ശക്തമായിരുന്നു.
സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 1119 ആയി കുറഞ്ഞു. 58,508 കുടുംബങ്ങളിലെ 1,89,649 പേരാണ് ക്യാമ്പുകളിൽ ഇപ്പോഴുള്ളത്.