തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രളയ ധനസഹായ വാഗ്ദാനം താൻ നിരാകരിച്ചെന്ന പ്രചാരണം കളവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
കേന്ദ്രം നേരത്തേ തന്ന പണം കൈയിലുണ്ടെന്നും ഇപ്പോൾ വേണ്ടെന്നും താൻ പറഞ്ഞതായാണ് കുപ്രചാരണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ വിളിച്ചിരുന്നു. ഹിന്ദിയിലാണ് സംസാരിച്ചത്. തനിക്ക് ഹിന്ദി അറിയില്ലെന്ന് ഇംഗ്ലീഷിൽ പറഞ്ഞു. ഫോൺ സെക്രട്ടറിക്ക് കൈമാറാമെന്ന് ആഭ്യന്തര സഹമന്ത്രി പറഞ്ഞു. അദ്ദേഹത്തിന് ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രയാസം. തന്റെ പ്രൈവറ്റ് സെക്രട്ടറി തിരിച്ചുവിളിക്കുമെന്ന് പറഞ്ഞ്, കേന്ദ്രമന്ത്രിയുടെ സെക്രട്ടറിയുടെ ഫോൺ നമ്പർ വാങ്ങി. ആ സംഭാഷണം അങ്ങനെ അവസാനിച്ചു. പിന്നീട് തന്റെ പ്രൈവറ്റ് സെക്രട്ടറി സംസാരിച്ചു. താൻ കേന്ദ്രമന്ത്രിയോട് ഒരു വാചകവും പറഞ്ഞില്ല. ആകെ പറഞ്ഞത് ' ഐ കെനോട്ട് അണ്ടർസ്റ്റാൻഡ് ഹിന്ദി' (എനിക്ക് ഹിന്ദി മനസിലാക്കാൻ കഴിയുന്നില്ല) എന്ന് മാത്രം. താൻ പറയാത്ത കാര്യം മനസിലാക്കാനുള്ള വൈഭവം കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കുണ്ടോയെന്ന് അറിയില്ല. ദുരന്തം നേരിടുന്നതിൽ സർക്കാരിന്റെ മുന്നൊരുക്കത്തിന് ഒരു കുറവുമുണ്ടായിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ വിമർശനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.