തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമെന്ന് മന്ത്രി കെ രാജൻ. കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണ്. കേരളം ആവശ്യപ്പെട്ട കാര്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'ഇത് കെ വി തോമസിനോടല്ല, കേരള സർക്കാരിനോടുമല്ല, മറിച്ച് മൂന്നരക്കോടി മലയാളികളോടുള്ള പച്ചയായ വെല്ലുവിളിയാണ്. ഇത് അംഗീകരിക്കുക സാദ്ധ്യമല്ല.' അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോൾ, ആശുപത്രിയിൽ പോയി സന്ദർശിച്ച നൈസ എന്ന കുട്ടിയടക്കമുള്ളവരുടെ ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്ന് ആലോചിക്കണമായിരുന്നു. ത്രിപുരയ്ക്ക് 40 കോടി കൊടുത്തു. ത്രിപുരയ്ക്ക് കൊടുത്തതുകൊണ്ട് നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷേ കേരളത്തെ ഒറ്റപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിലെ ചട്ടങ്ങൾ പ്രകാരമാണിതെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെ അറിയിച്ചത്.
കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്) നിയമപ്രകാരം ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കാണ്. കേരളത്തിന്റെ പക്കൽ ഇതിന് ആവശ്യമായ പണമുണ്ടെന്നും ആഭ്യന്തര സഹമന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി ഏപ്രിൽ ഒന്നിന് 394.99 കോടി രൂപ ഉണ്ടായിരുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ ദുരന്തനിവാരണ ഇനത്തിൽ 388 കോടി രൂപ (291.20 കോടി കേന്ദ്രവിഹിതവും 96.80കോടി സംസ്ഥാന വിഹിതവും) അനുവദിച്ചിരുന്നു. ഇതിൽ ആദ്യഗഡു 145 കോടി ജൂലായ് 31നും രണ്ടാം ഗഡു 145.60 കോടി ഒക്‌ടോബർ ഒന്നിനും മുൻകൂറായി കൈമാറി. എൻ.ഡി.ആർ.എഫ് ചട്ട പ്രകാരം നൽകുന്ന സാമ്പത്തിക സഹായം ദുരിതാശ്വാസമാണെന്നും നഷ്‌ടപരിഹാരമല്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |