തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ നടന്ന വിഭവ സമാഹരണയജ്ഞം വൻ വിജയമായപ്പോൾ ജില്ലാ പഞ്ചായത്തിലെ കളക്ഷൻ പോയിന്റിലേക്ക് സഹായപ്രവാഹം. ദുരിതാശ്വാസ സാമഗ്രികളുമായി ലോറികൾ കളക്ഷൻ പോയിന്റിൽ നിന്ന് ദുരിതബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചു. കെ.എം.എസ്.ആർ.എ, ജില്ലാ ആശുപത്രികൾ, പാലിയേറ്റീവ് യൂണിറ്റുകൾ, ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മെഡിക്കൽ ഷോപ്പുകൾ എന്നിവ ചേർന്ന് സമാഹരിച്ച 15 ലക്ഷം രൂപയുടെ അവശ്യ മരുന്നുകളുടെ ലോഡ് ഇന്നലെ ധനമന്ത്രി ടി.എം. തോമസ് ഐസക് ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി എ.സി മൊയ്തീൻ കളക്ഷൻ പോയിന്റ് സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി. ചൊവ്വാഴ്ച പുറപ്പെട്ട നാല് ലോഡുകൾക്ക് പുറമേ ആറ് ലോഡുകൾ കൂടി പുറപ്പെട്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. രണ്ടു ദിവസമായി ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും സ്കൂളുകളിലും കളക്ഷൻ പോയിന്റുകൾ പ്രവർത്തിച്ചുവരികയാണ്. ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും മറ്റ് സന്നദ്ധസംഘടനകളും ചേർന്ന് കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളും ഗ്രന്ഥശാലാ സംഘം, കുടുംബശ്രീ പ്രസ്ഥാനങ്ങളും വിഭവസമാഹരണ യജ്ഞത്തിൽ പങ്കാളികളായി. കുടുംബശ്രീ, ഗ്രന്ഥശാലാ സംഘം പ്രവർത്തകരും വിഭവ സമാഹരണത്തിലും കളക്ഷൻ പോയിന്റിലെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കളക്ഷൻ പോയിന്റിന്റെ പ്രവർത്തനം ഇന്നും തുടരും.