കണ്ണൂർ: പാർട്ടി കൈയൊഴിഞ്ഞിട്ടും പി.പി ദിവ്യയെ കൈവിടാതെ കണ്ണൂർ സർവകലാശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ലഭിച്ച സെനറ്റ് അംഗത്വത്തിൽ നിന്ന് ഇതുവരെ ഒഴിവാക്കിയിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ ഇതിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതുസംബന്ധിച്ച് ചാൻസലർക്ക് നിരവധി പരാതികൾ ലഭിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
എന്നാൽ, കണ്ണൂർ സർവകലാശാല ആക്ട് പ്രകാരം രാജിവയ്ക്കുകയോ കാലാവധി കഴിയുകയോ ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മൂന്നുമാസം വരെ സെനറ്റ് അംഗമായി തുടരാനാകുമെന്നാണ് സർവകലാശാലയുടെ വിശദീകരണം. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞമാസം 17നാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്ന് സി.പി.എം നീക്കിയത്. പരാതികളിൽ ഇടപെട്ട ചാൻസലർ കഴിഞ്ഞമാസം സർവകലാശാലയോട് വിശദീകരണവും തേടിയിരുന്നു. ദിവ്യ ഒഴിഞ്ഞ പഞ്ചായത്ത് അദ്ധ്യക്ഷ പദവിയിലേക്ക് കെ.കെ.രത്നകുമാരി ചുമതലയേറ്റിട്ടും ദിവ്യയെ മാറ്റാൻ സർവകലാശാല അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
സെനറ്റ് അംഗത്വം തിരഞ്ഞെടുപ്പിലൂടെ ലഭിച്ചതായതിനാൽ പുതിയ അംഗത്തിനായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. ഇതിന് സമയംവേണമെന്നും മൂന്ന് മാസക്കാലയളവ് കഴിഞ്ഞേ തിരഞ്ഞെടുപ്പ് നടത്താനാകൂ എന്നും സർവകലാശാല പറയുന്നു.
ഡോക്ടർമാരോടുള്ള അതിക്രമം :
പ്രത്യേക കേന്ദ്രനിയമം വേണ്ട
ന്യൂഡൽഹി : ഡോക്ടർമാർ അടക്കം മെഡിക്കൽ പ്രൊഫഷണലുകളോടുള്ള അതിക്രമം നേരിടാൻ പ്രത്യേക കേന്ദ്രനിയമം വേണ്ടെന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ദേശീയ കർമ്മ സേന.
ഇത്തരം അക്രമങ്ങൾ കൈകാര്യം ചെയ്യാൻ 24 സംസ്ഥാനങ്ങളിൽ പ്രത്യേക നിയമമുണ്ട്. ഇല്ലാത്ത സംസ്ഥാനങ്ങളിൽ ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകൾ മതി. ആശുപത്രികളിൽ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശുപാർശകളും സമർപ്പിച്ചു.
കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണിത്. ആഗസ്റ്റ് 20ന് സുപ്രീംകോടതി നേരിട്ട് സായുധസേനാ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ സർജൻ വൈസ് അഡ്മിറൽ ഡോ. ആരതി സരിൻ അദ്ധ്യക്ഷയായി ദേശീയ കർമ്മ സേന രൂപീകരിക്കുകയായിരുന്നു.
സേനയുടെ ശുപാർശകൾ
1. പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരെ ആശുപത്രികളിൽ നിയോഗിക്കണം
2. എമർജൻസി യൂണിറ്റുകളിൽ രാത്രി മുതിർന്ന റസിഡന്റ് ഡോക്ടർമാരെ ഡ്യൂട്ടി ഏൽപ്പിക്കണം
3. ആശുപത്രി പരിസരത്ത് സി.സി.ടി. വി നിരീക്ഷണം ശക്തമാക്കണം
4. അതിക്രമം റിപ്പോർട്ട് ചെയ്ത് ആറു മണിക്കൂറിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |