പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിന് കാരണക്കാരെന്ന് ആരോപണമുയർന്ന സഹപാഠികളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ആരോപണവിധേയരായ മൂന്ന് വിദ്യാർത്ഥിനികളും വീടുകളിലാണ്. ഇവരുടെ രക്ഷിതാക്കളുടെ അനുമതി വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു എസ് സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരണപ്പെടുകയായിരുന്നു.
അമ്മുവിന് സഹപാഠികളായ മൂന്നുപേരിൽ നിന്ന് കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ക്ളാസിലും ഹോസ്റ്റലിലും നിരന്തരം ഈ വിദ്യാർത്ഥിനികൾ പ്രശ്നങ്ങളുണ്ടാക്കി. ടൂർ കോർഡിനേറ്ററായി അമ്മുവിനെ ചുമതലപ്പെടുത്തിയതും ഇവർ എതിർത്തു. ഇത് ചൂണ്ടിക്കാട്ടി അമ്മുവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുകയാണ്. മൂന്ന് വിദ്യാർത്ഥിനികളും അമ്മുവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കഴിഞ്ഞദിവസം അദ്ധ്യാപകർ പൊലീസിന് മൊഴി നൽകിയിരുന്നു.
വിദ്യാർത്ഥിനികൾ തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായിരുന്നുവെന്നും എന്നാലിത് കോളേജിനുള്ളിൽ തന്നെ പരിഹരിച്ചിരുന്നുവെന്നാണ് അമ്മുവിന്റെ ക്ളാസ് ടീച്ചർ പൊലീസിനോട് പറഞ്ഞത്. ലോഗ് ബുക്ക് കാണാതായതും ടൂർ കോർഡിനേറ്ററായി അമ്മുവിനെ തിരഞ്ഞെടുത്തതും വിദ്യാർത്ഥിനികൾ തമ്മിലുള്ള തർക്കം രൂക്ഷമാക്കിയതായി കോളേജ് പ്രിൻസിപ്പലും മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികളുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥിനികളെ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |