പാലക്കാട്: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഇലക്ഷൻ കമ്മീഷന്റെ അനുമതി കൂടാതെ പത്രങ്ങളിൽ പരസ്യം നൽകിയ പാലക്കാട്ടെ സി.പി.എമ്മിന്റെയും ഇടതുപക്ഷ സ്ഥാനാർത്ഥിയുടെയും നടപടിക്കെതിരെ യു.ഡി.എഫ് പരാതി നൽകി. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ മരക്കാർ മാരായമംഗലമാണ് ഇലക്ഷൻ കമ്മിഷന് പരാതി നൽകിയത്. നടന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും നാട്ടിൽ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണിതെന്നും സംഭവത്തിൽ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും പരാതിയിൽ പറയുന്നു.
ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ വച്ചുള്ള തിരഞ്ഞെടുപ്പ് പരസ്യവുമായാണ് എൽ.ഡി.എഫ് രംഗത്തെത്തിയത്. സരിൻ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം നൽകിയിരിക്കുന്നത്. പരസ്യത്തിൽ കൂടുതലായും സന്ദീപ് വാര്യരെയാണ് പരാമർശിച്ചിട്ടുള്ളത്. സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാശ്മീർ വിഷയത്തിൽ സന്ദീപ് വാര്യർ പങ്കുവച്ച പഴയ ഫേസ്ബുക്ക് പോസ്റ്റ്, ആർഎസ്എസ് വേഷം ധരിച്ചുനിൽക്കുന്ന ചിത്രം, കാശ്മീരികളുടെ കൂട്ടക്കൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന പോസ്റ്റ്, ഗാന്ധിവധം തുടങ്ങിയ പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ..കഷ്ടം എന്നിങ്ങനെ സന്ദീപിനെതിരായ തലക്കെട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വർഗീയതയുടെ കാളകൂട വിഷത്തെ സ്വീകരിച്ചുവെന്നാണ് കോൺഗ്രസിനെതിരെ പരസ്യത്തിൽ വിമർശിക്കുന്നത്. വാർത്താ ശൈലിയുടെ രൂപമുള്ള പരസ്യം ഒന്നാം പേജിലാണ് രണ്ട് പത്രവും നൽകിയിരിക്കുന്നത്.
സന്ദീപിനെ കോൺഗ്രസ് സ്വീകരിച്ച നിലപാട് എൽഡിഎഫ് തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴത്തെ എൽഡിഎഫിന്റെ ഈ പരസ്യ നീക്കം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വച്ചുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |