തൃശൂർ: വളം കിട്ടാത്തതിനാൽ കൃഷി പ്രതിസന്ധിയിലാകുന്നെന്ന പരാതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്ന് കർഷകർക്ക് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ഉറപ്പ്. കർഷകൻ കൂടിയായ ചലച്ചിത്രസംവിധായകൻ സത്യൻ അന്തിക്കാടിന്റെ വസതിയിൽ എഫ്.എ.സി.ടി ഉന്നത ഉദ്യോഗസ്ഥരും വളം ഡീലർമാരും കർഷകപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം.
രണ്ടു മണിക്കൂറോളം കർഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും അദ്ദേഹം കേട്ടറിഞ്ഞു. കൃത്യസമയത്ത് വളമെത്തിക്കാത്തതിന് എഫ്.എ.സി.ടി ഉദ്യോഗസ്ഥരെ വിമർശിച്ചു. ഉദ്യോഗസ്ഥർ സർക്കാരിന്റെ പ്രതിനിധികളാണെന്നും ആറ് മാസത്തിലൊരിക്കൽ യോഗം ചേർന്ന് വളം വിതരണം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കർഷക നിയമം പ്രാബല്യത്തിൽ വന്നിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല.
പാടശേഖരസമിതികൾ വളം ഓർഡർ ചെയ്യുന്നത് ഇ- മെയിൽ വഴിയാക്കണം. കർഷകരുടെ യോഗം ഇനിയും വിളിച്ചുചേർക്കുമെന്നും തൃശൂരിലെ കോൾക്കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള യോഗം ചേരാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എഫ്.എ.സി.ടിയിലെ ഉന്നത ഉദ്യോഗസ്ഥരായ അനുപം മിശ്ര, ജി.എം.ജിതേന്ദ്ര കുമാർ, തൃശൂർ പുല്ലഴി കോൾപ്പടവ് പ്രസിഡന്റ് കൊളങ്ങാട്ട് ഗോപിനാഥ്, അന്തിക്കാട് മണലൂർ പാടശേഖരസമിതി നേതാക്കളും മറ്റ് കർഷകരും പങ്കെടുത്തു.
എറണാകുളം മുതൽ കാസർകോട് വരെയുള്ള കർഷകരുമായി കൂടിക്കാഴ്ച നടത്താൻ കർഷകൻ കൂടിയായ എന്റെ വീടാണ് നല്ലതെന്ന് പറഞ്ഞാണ് സുരേഷ് ഗോപിയെത്തിയത്. വളത്തിന്റെ ലഭ്യതക്കുറവ് കർഷകർ പരാതിയായി ഉന്നയിച്ചപ്പോൾ അതിന് പരിഹാരം ഉറപ്പുനൽകുകയായിരുന്നു. വിഷയങ്ങൾ അദ്ദേഹം ആഴത്തിൽ പഠിക്കുന്നുവെന്ന് ബോദ്ധ്യമായി.
-സത്യൻ അന്തിക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |