തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വീണ്ടും പ്രശ്നക്കാരനായി മൈക്ക്. വയനാട് ചൂരൽമല ഉരുൾപ്പൊട്ടൽ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേർത്ത എംപിമാരുടെ യോഗത്തിലായിരുന്നു സംഭവം. പക്ഷേ, ഇത്തവണ മുഖ്യമന്ത്രി കാര്യം സരസമായാണ് കൈകാര്യം ചെയ‌്തത്. ഞാൻ ചെല്ലുന്നിടത്തെല്ലാം മൈക്കിന് പ്രശ്നമാണല്ലോ? എന്ന മുഖ്യമന്ത്രിയുടെ കമന്റ് എല്ലാവരിലും ചിരിപടർത്തുകയായിരുന്നു.
അതേസമയം, ദുരിതബാധിത പ്രദേശത്തിന് അർഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രത്തിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് യോഗത്തിൽ മുഖ്യമന്ത്രി തുറന്നടിച്ചു. വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതിൽ കേന്ദ്രം സഹായിച്ചിരുന്നു. പക്ഷേ അർഹമായ ദുരന്ത സഹായം വൈകിക്കുകയാണ്. ഇതിൽ പ്രതിഷേധം അറിയിക്കണം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ചൂരൽമലയിലുണ്ടായത്.
കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1222 കോടിയുടെ സഹായമാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ നിന്നുളള എം പിമാരുടെ യോഗത്തിലെ ആമുഖ പ്രസംഗത്തിലാണ് മുഖ്യമന്ത്രി കേന്ദ്രത്തെ രൂക്ഷഭാഷയിൽ വിമർശിച്ചത്. കേന്ദ്ര സഹായത്തിനായി കേരളം ഒറ്റക്കെട്ടായി കേന്ദ്രസർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് സർക്കാർ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |