തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡുകളുടെ യൂണിറ്റുകൾ വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സെക്രട്ടേറിയറ്റ് ലയം ഹാളിൽ നടന്ന പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ ഉന്നതാധികാര വിജിലൻസ്, മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പട്ടിക വിഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ കോടതികൾ നാലിൽ നിന്ന് ഏഴായി വർദ്ധിപ്പിച്ചു. ജില്ലാതല വിജിലൻസ്, മോണിറ്ററിംഗ് കമ്മിറ്റി സമയബന്ധിതമായി കൂടണമെന്ന് കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അതിക്രമങ്ങൾക്ക് ഇരയാകുന്ന പട്ടിക വിഭാഗങ്ങൾക്കുള്ള ആശ്വാസ സഹായത്തിന്റെയും മിശ്രവിവാഹ ധനസഹായത്തിന്റെയും കേന്ദ്ര വിഹിതം ലഭിക്കാനുള്ള നർദ്ദേശം കേന്ദ്രത്തിന് നൽകിയതായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ .ആർ കേളു അറിയിച്ചു. അതിക്രമങ്ങൾക്ക് ഇരയാകുന്ന പട്ടിക വിഭാഗങ്ങളുടെ ആശ്രിതനിയമനം മറ്റ് വകുപ്പുകളിൽ കൂടി നടത്താനുള്ള നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
മന്ത്രി കെ. എൻ ബാലഗോപാൽ,ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, കളക്ടർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |