പിതാവിന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ചെന്ന് യൂട്യൂബർ. മുപ്പത്തിയൊൻപതുകാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പോഡ്‌കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവേയാണ് വെളിപ്പെടുത്തൽ. പിതാവിന്റെ അവസാന ആഗ്രഹമായിരുന്നു ഇതെന്നും അവർ വ്യക്തമാക്കി.
റൊസന്ന പാൻസിനോയ്ക്ക് 14.6 ദശലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. അവരുടെ 54 മിനിറ്റ് ദൈർഘ്യമുള്ള പോസ്റ്റ്കാസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്ന് അഭിപ്രായമുയരുന്നുണ്ട്.
'സ്‌മോക്കിംഗ് മൈ ഡെഡ് ഡാഡ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. 2019 ഡിസംബറിലായിരുന്നു റോസന്ന പാൻസിനോയുടെ പിതാവ് മരിച്ചത്. രക്താർബുദം ബാധിച്ചാണ് മരണം. പോഡ്‌കാസ്റ്റിൽ റോസന്ന പാൻസിനോയോടൊപ്പം അവരുടെ മാതാവും സഹോദരിയും പങ്കുചേർന്നു.
തന്റെ ചിതാഭസ്മം എന്ത് ചെയ്യണമെന്ന് പിതാവ് തന്നോടും അമ്മയോടും പറഞ്ഞിരുന്നു. ആദ്യം അമ്മയ്ക്ക് മടിയായിരുന്നുവെന്ന് യൂട്യൂബർ പറയുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അച്ഛന്റെ ആഗ്രഹം നടത്തിക്കൊടുക്കാൻ അമ്മ തയ്യാറായി.
തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു പിതാവെന്നും അവർ വ്യക്തമാക്കി.
'ഞാൻ എന്റെ അച്ഛനെപ്പോലെയാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹമൊരു പൂമ്പാറ്റയെപ്പോലെയായിരുന്നു. ജീവിതത്തെ ബഹുമാനിക്കാനും സമയം പാഴാക്കാതിരിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു.'- യുവതി വ്യക്തമാക്കി. 'വരും എപ്പിസോഡുകൾ ഇതിനേക്കൾ വ്യത്യസ്തമായിരിക്കും, എന്റെ ആദ്യ എപ്പിസോഡ് എന്റെ പപ്പയ്ക്ക് സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.'- യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |