തിരുവനന്തപുരം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി പുരസ്കാരം മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിന് തൃശൂരിൽ സമ്മാനിക്കും.
സർക്കാർ മേഖലയിലെ മികച്ച ജീവനക്കാർക്കുള്ള കാൽലക്ഷം രൂപയുടെ പുരസ്കാരം നെടുമങ്ങാട് കെ.വി.എസ്.എം ഗവ. കോളേജിലെ പ്രൊഫസർ ബീനകൃഷ്ണൻ എസ് കെ, വേങ്ങര ജി.വി.എച്ച്.എസ് സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് എ.മുജീബ് റഹ്‌മാൻ, മങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൊച്ചുനാരായണി, കണ്ണൂർ കൃഷ്ണമേനോൻ കോളേജിലെ അസി. പ്രൊഫസർ കെ.പി. നിധീഷ് എന്നിവർക്കാണ്. സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാർക്കുള്ള കാൽലക്ഷം രൂപയുടെ പുരസ്കാരം മുഹമ്മദ് ജാബിർ, സന്തോഷ് മേനോൻ എന്നിവർക്കാണ്.
ഭിന്നശേഷിജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിനുള്ള 20000 രൂപയുടെ പുരസ്കാരം ചേർത്തല കെ.വി.എം ട്രസ്റ്റ്, തളിപ്പറമ്പ് ഷാലിമാർ സ്റ്റോർ എന്നിവയ്ക്കാണ്. മികച്ച സർക്കാരിതര സ്ഥാപനങ്ങൾ: മാനന്തവാടിയിലെ എംമൗസ് വില്ല റസിഡൻഷ്യൽ സ്‌കൂൾ, കോഴിക്കോട്ടെ തണൽ കരുണ സ്‌കൂൾ, എറണാകുളം കൃപ. സംസ്ഥാനതല മാതൃകാ വ്യക്തിത്വങ്ങൾക്കുള്ള കാൽലക്ഷം രൂപയുടെ അവാർഡ് ശാരിക എ.കെ, പി.എ സൂരജ് എന്നിവർക്കാണ്. സർഗാത്മക ബാലൻ/ബാലിക പുരസ്കാരം ആൻ മൂക്കൻ, വചസ് രതീഷ് എന്നിവർക്കാണ്. മികച്ച കായികപ്രതിഭ: അനു ബി, മുഹമ്മദ് ആസിം പി. ദേശീയ-അന്തർദേശീയ മികവിനുള്ള പുരസ്കാരം സജി തോമസിനാണ്.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരുലക്ഷം രൂപയുടെ പുരസ്കാരം ആലപ്പുഴ ജില്ലാ പഞ്ചായത്തിനാണ്. മികച്ച ജില്ലാ ഭരണകൂടം- കാസർകോട്. മികച്ച കോർപ്പറേഷൻ- തിരുവനന്തപുരം. മികച്ച നഗരസഭ- നിലമ്പൂർ, മികച്ച ബ്ലോക്ക് പഞ്ചായത്തുകൾ- പെരുമ്പടപ്പ്, മതിലകം. മികച്ച ഗ്രാമപഞ്ചായത്തുകൾ- കതിരൂർ, കാമാക്ഷി. മികച്ച പുനരധിവാസ കേന്ദ്രം- കോഴിക്കോട് പ്രതീക്ഷ ഭവൻ. മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങൾ- ആലപ്പുഴ സബ് ആർ.ടി ഓഫീസ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്. നൂതന ഗവേഷണ പദ്ധതികൾക്കുള്ള കാൽലക്ഷം രൂപയുടെ പുരസ്കാരം റോബി ടോമി, പ്രത്യേക പരാമർശം പൂജ രമേഷ് എന്നിവർക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |