പാലക്കാട്: ഉപതിരഞ്ഞെടുപ്പ് എന്ന രീതിയിൽ പാലക്കാട്ട് മികച്ച പ്രകടനമാണ് പാർട്ടി കാഴ്‌ചവച്ചതെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. കെ സുരേന്ദ്രനെതിരായ സന്ദീപ് വാര്യരുടെ പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസുകാരൻ അവിടുത്തെ കാര്യം നോക്കിയാൽ മതി ബിജെപിയുടെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിക്കാം എന്നുമാണ് ശിവരാജൻ പറഞ്ഞത്. കെ സുരേന്ദ്രനെ ഇറക്കിവിട്ട് ചാണകം തളിച്ചാലേ ബിജെപി രക്ഷപ്പെടൂ എന്നായിരുന്നു സന്ദീപിന്റെ പരാമർശം.
എൻ ശിവരാജന്റെ വാക്കുകൾ:
ഭാരതീയ ജനതാ പാർട്ടിയെ 2026ൽ ജയിപ്പിക്കാനുള്ള ഊർജം വീണ്ടെടുത്തുകൊണ്ട് ഞങ്ങൾ മുന്നോട്ട് പോകും. മികച്ച പ്രകടനമാണ് പാലക്കാട്ട് കാഴ്‌ചവച്ചിരിക്കുന്നത്. അസംബ്ലി, ലോക്‌സഭാ എന്നല്ല. ഉപതിരഞ്ഞെടുപ്പ് എന്ന രീതിയിൽ നോക്കുമ്പോൾ ബിജെപിയുടേത് മികച്ച പ്രകടനമാണ്. ബാക്കി കാര്യങ്ങൾ പരിശോധിക്കട്ടെ.
ഇനിയും ശക്തമായി ഞങ്ങൾ മുന്നോട്ടുപോകും. വെറും രണ്ട് സീറ്റ് നേടിയിരുന്ന ബിജെപി ഇപ്പോൾ 400 സീറ്റ് നേടി രാജ്യം ഭരിക്കുന്നില്ലേ? ഇതൊന്നും ബിജെപിക്ക് വലിയ പ്രശ്‌നമല്ല. സുരേന്ദ്രനെതിരെ സന്ദീപ് പറയേണ്ട കാര്യമില്ല. കേരളത്തിലെ ബിജെപിയുടെ നാവാണ് സുരേന്ദ്രൻ. സന്ദീപ് വാര്യർ ഇപ്പോൾ കോൺഗ്രസ് നേതാവാണ്. കോൺഗ്രസിന്റെ കാര്യം മാത്രം നോക്കിയാൽ മതി.
ബിജെപിയുടെ ഉരുക്ക് കോട്ടയാണ് പാലക്കാടെന്ന് ഞങ്ങൾ തെളിയിച്ച് കഴിഞ്ഞു. മുരളീധരനല്ല, മുരളീധരന്റെ അച്ഛൻ കരുണാകരൻ വന്നാലും പാലക്കാട് നഗരസഭ പിടിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |