തൃശൂർ: ചേലക്കരയെന്ന കമ്യൂണിസ്റ്റ് കോട്ടയിൽ നിന്ന് 3920 വോട്ടുകൾ പിടിച്ചെടുക്കാൻ സാധിച്ചെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇത്തവണ കിട്ടിയ വോട്ടുകൾ, കഴിഞ്ഞ മൂന്ന് മാസമായി സംസാരിച്ചുകൊണ്ടിരുന്ന പിണറായിസത്തിനെതിരെയുളളതാണെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാരിന്റെ പല പ്രവർത്തികളും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചെന്നും അൻവർ കൂട്ടിച്ചേർത്തു.
'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ പറഞ്ഞ കാര്യങ്ങൾ ശരി വയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് മൂന്ന് ഇടങ്ങളിലും പ്രതിഫലിച്ചത്. ചേലക്കരയിലെ വോട്ടർമാർക്ക് ഡിഎംകെയുടെ എല്ലാവിധ നന്ദിയും രേഖപ്പെടുത്തുകയാണ്. കേരളത്തിലെ രാഷ്ട്രീയം ഇപ്പോൾ പരിശോധിച്ചാൽ 140 മണ്ഡലങ്ങളിൽ ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചാൽ 3920 വോട്ട് പിടിക്കാൻ പ്രാപ്തിയുള്ള എത്ര പാർട്ടികളുണ്ടെന്ന് ഇപ്പോൾ വിമർശിക്കുന്നവർ ആലോചിക്കേണ്ടതുണ്ട്. സിപിഎമ്മും കോൺഗ്രസും ബിജെപിയും കഴിഞ്ഞാൽ ഈ പറഞ്ഞ വോട്ട് പിടിക്കാൻ ശേഷിയുള്ള എത്ര പാർട്ടികളുണ്ട്?'- അൻവർ ചോദിച്ചു.
അതേസമയം, ചേലക്കരയിൽ വോട്ടെണ്ണൽ അവസാനിച്ചതോടെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപാണ് വിജയമുറപ്പിച്ചിരിക്കുന്നത്. ചേലക്കരയിൽ എൽ ഡി എഫിന് 64,877 വോട്ടും യു ഡി എഫിന് 52,626 വോട്ടും ബി ജെ പിക്ക് 33,609 വോട്ടുമാണ് നേടിയത്. നിലവിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ചെയർമാനാണ് യു.ആർ പ്രദീപ്. ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സി.പി.എം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |