സത്യപ്രതിജ്ഞ ഇന്നു തന്നെയെന്ന് സൂചന
ന്യൂഡൽഹി : മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ആരെന്നതിൽ ഇന്നലെ രാത്രിയിലും സസ്‌പെൻസ് നീണ്ടു. ബി.ജെ.പി മുഖ്യമന്ത്രി വരുമോ, നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തുടരുമോ എന്നതിലാണ് ചർച്ചകൾ. ബി.ജെ.പിയുടെ കരുത്തനായ നേതാവും, ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് പാർട്ടിയിൽ പൊതുവികാരമുണ്ട്. ആർ.എസ്.എസിന്റെയും, അജിത് പവാറിന്റെയും പിന്തുണ ഫട്നാവിസിനുണ്ട്. ആവശ്യമെങ്കിൽ ഫട്നാവിസിനെ അനുകൂലിച്ച് അജിത് പവാർ വിഭാഗം പ്രമേയം പാസാക്കിയേക്കും. നിർണായകഘട്ടത്തിൽ ഒപ്പം നിന്ന ഏക്‌നാഥ് ഷിൻഡെയെ പിണക്കാനും ബി.ജെ.പി നേതൃത്വത്തിന് കഴിയില്ല. സമയവായത്തിനായി ദേശീയ നേതൃത്വം ശ്രമിക്കുകയാണ്. ഫട്നാവിസും ഷിൻഡെയും രണ്ടരവർഷം വീതം എന്ന ഫോർമുലയുംകേൾക്കുന്നുണ്ട്. ഷിൻഡെയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും വാഗ്ദാനം ചെയ്‌തെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാർലമെന്ററി ബോർഡുമായും ആലോചിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്തിമ തീരുമാനമെടുക്കും. ഫട്നാവിസ്, ഷിൻഡെ, അജിത് പവാർ എന്നിവരുമായി അമിത് ഷാ കൂടിയാലോചന നടത്തി.
മഹായുതിയിൽ 132സീറ്റുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ കക്ഷി. അതിനാലാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നത്. നാളെ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി അവസാനിക്കുകയാണ്. ഇന്നുതന്നെ പുതിയ സർക്കാർ ചുമതലയേൽക്കേണ്ട സാഹചര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |