ന്യൂഡൽഹി: 1976ൽ അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്ക്യുലർ (മതേതരം) പദങ്ങൾ കൂട്ടിച്ചേർത്ത ഇന്ദിരാഗാന്ധി സർക്കാരിന്റെ നടപടി ചോദ്യം ചെയ്‌ത പൊതുതാത്പര്യഹർജികൾ സുപ്രീംകോടതി വിമർശനത്തോടെ തള്ളി.
2020ലാണ് റിട്ട് ഹർജികൾ കോടതിയിലെത്തുന്നത്. 44 വർഷങ്ങൾക്കുശേഷം ഭേദഗതി ചോദ്യം ചെയ്യപ്പെടുന്നത് സംശയാസ്‌പദമാണ്. ഈ പദങ്ങൾ ഏതെങ്കിലും നിയമത്തെയോ സർക്കാർ നയത്തെയോ ബാധിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
1976ലെ 42ാം ഭരണഘടനാഭേദഗതിയിൽ 'ഇന്റഗ്രിറ്റി" എന്ന വാക്ക് ചേർത്തതിനെയും ഹർജികളിൽ ചോദ്യം ചെയ്‌തിരുന്നു. ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്‌മണ്യൻ സ്വാമി, അഡ്വ. അശ്വിനികുമാർ ഉപാദ്ധ്യായ, പൊതുപ്രവർത്തകൻ ഡോ. ബൽറാം സിംഗ് തുടങ്ങിയവരാണ് ഹർജിക്കാർ.
1949 നവംബർ 26ന് ഭരണഘടന അംഗീകരിച്ചപ്പോൾ സെക്ക്യുലർ എന്ന വാക്ക് ആമുഖത്തിൽ കോൺസ്റ്റിറ്റുവന്റ് അംസബ്ലി ചേർത്തിരുന്നില്ലെന്ന് ഹർജിക്കാർ വാദിച്ചു. സോഷ്യലിസ്റ്റ് എന്ന വാക്ക് സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്ക് വിലങ്ങുതടിയാകുമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദമുഖങ്ങൾ സുപ്രീംകോടതി തള്ളി.
ഭരണഘടനാഭേദഗതിക്ക് അനുച്ഛേദം 368ൽ വ്യവസ്ഥയുണ്ട്. ഹർജിക്കാരെ അംഗീകരിച്ചാൽ മറ്റു ഭരണഘടനാഭേദഗതികളെയും ബാധിക്കുമെന്നും വിലയിരുത്തി.
മതേതരത്വം ഇന്ത്യയുടെ
സവിശേഷത: കോടതി
സെക്ക്യുലർ എന്ന പദത്തെ മതത്തിന് എതിരെന്ന രീതിയിലാണ് അന്ന് കോൺസ്റ്റിറ്റുവന്റ് അംസബ്ലി വിലയിരുത്തിയതെന്ന് കോടതി പറഞ്ഞു. എന്നാൽ രാജ്യം വികസിച്ചതിനനുസരിച്ച് വ്യാഖ്യാനത്തിനും മാറ്റം വന്നു. ഭരണകൂടം ഒരു മതത്തെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന വ്യാഖ്യാനമായി രൂപം പ്രാപിച്ചു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണെന്ന് കേശവാനന്ദ ഭാരതി, എസ്.ആർ.ബൊമൈ കേസുകളിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യലിസ്റ്റ് എന്ന വാക്ക് സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ തടസപ്പെടുത്തുമെന്ന വാദം ഇന്ത്യൻ സാഹചര്യത്തിൽ ചേരില്ല. ഏതെങ്കിലും പ്രത്യേക സാമ്പത്തികനയം പിന്തുടരണമെന്ന് ഭരണഘടന നിഷ്ക്കർഷിക്കുന്നില്ല. സോഷ്യലിസം എന്നത് ക്ഷേമരാഷ്ട്രവും, അവസര സമത്വവും എന്നാണ് അർത്ഥമാക്കുന്നത്. സാമ്പത്തികവും, സാമൂഹികവുമായ ഉന്നമനമാണ് പ്രതിഫലിപ്പിക്കുന്നത്. സ്വകാര്യ സംരംഭങ്ങളെ തടയുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |