ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വാർഷിക ദിനമാണിന്ന്. ഭരണഘടനയ്ക്ക് അംഗീകാരം നൽകിയ സംവിധാൻ സദനിലെ (പഴയ പാർലമെന്റ്) സെൻട്രൽ ഹാളിലാണ് ആഘോഷ പരിപാടികൾ. രാവിലെ 11ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്യും.
ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പ്രത്യേക നാണയം, സ്റ്റാമ്പ്, ഭരണഘടനയുമായി ബന്ധപ്പെട്ട രണ്ടു പുസ്‌തകങ്ങൾ, സംസ്കൃതത്തിലും മൈഥിലിയിലുമുള്ള ഭരണഘടന എന്നിവ പ്രകാശനം ചെയ്യും. ഷോർട്ട് ഫിലിംഅവതരണവുമുണ്ടാകും.
ചടങ്ങിൽ ഇരു സഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി ലോക്‌സഭാ സ്‌പീക്കർക്ക് കത്തു നൽകി. എന്നാൽ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, സ്‌പീക്കർ എന്നിവർ മാത്രമാണ് സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾക്ക് വേദിയിൽ ഇരിപ്പിടം നൽകുമെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
സുപ്രീംകോടതിയിൽ
മോദി പങ്കെടുക്കും
ഭരണഘടനാ വാർഷികത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5ന് സുപ്രീംകോടതിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‌വാൾ, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സുര്യകാന്ത്, സുപ്രീംകോടതി ബാർ കൗൺസിൽ അദ്ധ്യക്ഷൻ കപിൽ സിബൽ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |