തോൽപ്പെട്ടി (വയനാട്): തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ വനത്തിനോട് ചേർന്നുള്ള കൊള്ളിമൂല ആദിവാസി സെറ്റിൽമെന്റിലെ മൂന്ന് വീടുകൾ വനം വകുപ്പ് പൊളിച്ചു. പട്ടാപ്പകൽ പോലും കാട്ടാനകൾ വിഹരിക്കുന്ന പ്രദേശത്ത് ഇന്നലെ രാത്രി 7.45നായിരുന്നു സംഭവം. തുടർന്ന് ഗർഭിണികളും കുട്ടികളുമടങ്ങിയ കുടുംബം പുലരുവോളം വനത്തിൽ കഴിഞ്ഞു. മന്ത്രി ഒ.ആർ. കേളുവിന്റെ പഞ്ചായത്തിൽ 16 വർഷമായി കുടിൽകെട്ടി കഴിയുന്നവരെയാണ് പെരുവഴിയിലാക്കിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെയാണ് കുടിലുകൾ മാറ്റിയത്. തുടർന്ന് ഭക്ഷണ പാത്രങ്ങൾ വലിച്ചെറിഞ്ഞു. ആദിവാസികൾ എതിർത്തെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. സംഭവത്തിൽ പ്രതിഷേധിച്ച് ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ആദിവാസികളെ അണിനിരത്തി കോൺഗ്രസ് തോൽപ്പെട്ടി റേഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. പി.കെ. ജയലക്ഷ്മി, എൻ.കെ. വർഗീസ്, ടി. അഷറഫ്, എ.എം. നിഷാന്ത്, ഹാരിസ് കാട്ടിക്കുളം, അസീസ് വാളാട്, എം.ജി. ബിജു, റഫീഖ് വേളാഞ്ചേരി, നൗഷാദ് ഇഞ്ചായി തോൽപ്പെട്ടി, ഷംസീർ അരണപാറ തുടങ്ങിയവർ നേതൃത്വം നൽകി. ഡി.എഫ്.ഒയുമായി നടത്തിയ ചർച്ചയിൽ ആദിവാസികളെ വനം വകുപ്പിന്റെ ഡോർമെറ്ററിയിലേക്ക് മാറ്റി. പൊളിച്ച വീടുകൾ വീണ്ടും നിർമ്മിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
കർശന നടപടിയെന്ന് വനം മന്ത്രി
ആദിവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിയെടുക്കാൻ ഭരണവിഭാഗം വനം മേധാവിക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |