SignIn
Kerala Kaumudi Online
Tuesday, 21 January 2025 5.42 PM IST

അനാസ്ഥയിൽ പൊലിയുന്ന മനുഷ്യജീവനുകൾ

Increase Font Size Decrease Font Size Print Page
cable

പൊതു നിരത്തുകളിൽ ഇന്ന് ഏറെ അരക്ഷിതരാകാറുള്ളത് കാൽനടക്കാരും ഇരുചക്രവാഹനങ്ങളുൾപ്പെടെ ഓടിക്കുന്ന ചെറുതരം വാഹന യാത്രക്കാരുമാണ്. സംസ്ഥാനത്തെവിടെയും ഈ വിഭാഗക്കാർ അപകടങ്ങൾ നേരിടാത്ത ഒറ്റദിവസവും കടന്നുപോകാറില്ല. തിരുവനന്തപുരത്തും കുട്ടനാട്ടിലുമായി കഴിഞ്ഞദിവസം വയോധികയ്ക്കും 32 കാരനായ സ്കൂട്ടർ യാത്രികനും യാത്രാമദ്ധ്യേ മരിച്ചത്,​ ചുമതലപ്പെട്ടവരുടെ കുറ്റകരമായ അനാസ്ഥ കാരണമാണ്. ഇത്തരം ദുരന്ത മരണങ്ങൾ എത്ര ആവർത്തിച്ചാലും ചോദിക്കാനും പറയാനും ഭാവിയിലെങ്കിലും കുറയ്ക്കാനും ഔദ്യോഗിക സംവിധാനങ്ങളൊന്നുമില്ല. ഇല്ലെന്നല്ല; ഉണ്ടായിട്ടും നടപടി ഉണ്ടാകാറില്ലെന്നേ അർത്ഥമാക്കേണ്ടതുള്ളൂ. ഏറിവന്നാൽ മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ് അയച്ചെന്നിരിക്കും. ഇത്തരം നൂറുകണക്കിന് നോട്ടീസുകൾക്കിടയിൽ അതും അങ്ങനെ കിടക്കും.

തിരുവനന്തപുരം ശ്രീകാര്യത്ത്,​ മകളുടെ വീട്ടിലേക്കു പോയ മുൻ അഡിഷണൽ സെക്രട്ടറിയും വയോധികയുമായ വി.എസ്. ശൈലജ ഇടവക്കോട് എന്ന സ്ഥലത്തെ മൂടിയില്ലാത്ത ഓടയിൽ വീണാണ് ദുരന്തമരണത്തിനിരയായത്. ഓട്ടോയിൽ വന്നിറങ്ങി മകളുടെ വീട്ടിലേക്ക് നടക്കുന്നതിനിടെയായിരുന്നു അത്യാഹിതം. ശനിയാഴ്ച രാത്രിയുണ്ടായ അപകടം,​ തിരച്ചിലുകൾക്കിടെ ഞായറാഴ്ച രാവിലെയാണ് വെളിപ്പെട്ടത്. എഴുപത്തിരണ്ടുകാരിയായ ശൈലജയുടെ ദാരുണമരണം നഗരത്തിലെ ഇത്തരം ആദ്യ സംഭവമൊന്നുമല്ല. പലയിടങ്ങളിലായി എത്രയോ പേർ ഇതുപോലെ ഓട ദുരന്തത്തിന് ഇരയായിട്ടുണ്ട്. മറ്റു ജില്ലകളിലും സമാന അപകടങ്ങൾ തുടർച്ചയായി നടക്കാറുണ്ട്. ഓട നിർമ്മാണവും സുരക്ഷാമൂടിയിടലുമൊക്കെ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. വലിയ ഷോപ്പിംഗ് കോംപ്ളക്സുകളുടെ നിർമ്മാണത്തിലും,​ വല്ലതുമൊക്കെ കൈയിൽ തടയുന്ന നിർമ്മാണജോലികളിലും മാത്രം താത്പര്യം കാണിക്കുന്ന നഗരസഭാ ഭരണാധികാരികൾക്ക് കാൽനടക്കാർ പൊതുനിരത്തുകളിൽ നേരിടേണ്ടിവരുന്ന അപകടങ്ങളെക്കുറിച്ച് തെല്ലും ധാരണയില്ല.

നിരത്തുകളിൽ വാഹനങ്ങളുടെ മഹാപ്രവാഹത്തിൽ കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ അപൂർവം സ്ഥലങ്ങളിൽ മാത്രം ശേഷിക്കുന്ന ഫുട്ട്പാത്തുകൾ പോലും മറ്റാവശ്യക്കാർ കൈയടക്കിയിരിക്കുകയാണ്. ഫുട്ട്പാത്തിലും തിരക്കേറിയ സമയങ്ങളിൽ ഇരുചക്ര വാഹനക്കാരുടെ സഞ്ചാരമാണ്. ഗതാഗത നിയന്ത്രണ ഡ്യൂട്ടിയിലുള്ള പൊലീസിനു മുന്നിലൂടെയാവും ഈ നിയമ ലംഘനങ്ങൾ. മൂടിയില്ലാത്തതും തകർന്നുകിടക്കുന്നതുമായ ഓടകൾ നഗരങ്ങളിലെവിടെയും സ്ഥിരം കാഴ്ചയാണ്. ആളുകളും ചെറുവാഹനങ്ങളും ഇത്തരം ഓടകളിൽ വീണു മരണമടയുന്നതു കണ്ടാലും അവ നന്നാക്കാറില്ലെന്നതാണ് ജനങ്ങളുടെ ദുരോഗ്യം. കാറുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾപോലും റോഡിൽനിന്നു തെന്നിമാറി ഇത്തരം ഓടകളിൽ പതിച്ച് അപകടത്തിനിരയാകാറുണ്ട്. പഴകിയതും പൊട്ടിത്തകർന്നവയുമായ ഓടകളുടെ സുരക്ഷാ ഓഡിറ്റ് നടത്തി അവ നന്നാക്കാൻ നടപടിയെടുക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങൾ ആഘോഷങ്ങൾക്കും അനാവശ്യ കാര്യങ്ങൾക്കും ചെലവഴിക്കുന്ന വിഹിതത്തിന്റെ ഒരു ചെറിയ ഭാഗം മതി ഇതൊക്കെ ചെയ്യാൻ.

വാഹനങ്ങൾ ഓടുന്ന റോഡിനു കുറുകെ വടം കെട്ടി, അടുത്തുള്ള സ്കൂളിലെ മരം മുറിക്കാൻ കാണിച്ച തികഞ്ഞ ഉത്തരവാദിത്വരഹിതമായ നടപടിയാണ് തിരുവല്ലയിൽ മുപ്പത്തിരണ്ടുകാരനായ സിയാദിന്റെ അകാലമൃത്യുവിന് കാരണമായത്. ഒപ്പമുണ്ടായിരുന്ന ഭാര്യയും രണ്ട് പിഞ്ചുകുട്ടികളും ചെറിയ പരിക്കുകളോടെ ഭാഗ്യവശാൽ രക്ഷപ്പെട്ടു. റോഡിനു കുറുകെ കെട്ടിയിരുന്ന വടത്തിൽ കഴുത്തുതട്ടി സിയാദ് വീഴുകയായിരുന്നു. കയർ റോഡിനു കുറുകെ കെട്ടിയിരുന്നതല്ലാതെ, സുരക്ഷാ മുന്നറിയിപ്പുകളൊന്നും സ്വീകരിച്ചിരുന്നില്ല. മരം വെട്ടുകാരല്ലാതെ ചുമതലപ്പെട്ട മറ്റാരും അവിടെയുണ്ടായിരുന്നുമില്ല. പൊതുനിരത്തിൽ ഇത്തരം പ്രവൃത്തികൾ നടത്തുമ്പോൾ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കേണ്ടതാണ്. പൊലീസിനെ അറിയിച്ചുവേണം ഇതൊക്കെ ചെയ്യാൻ. അതിനൊന്നും മെനക്കെടാതെ മരംമുറിക്കാൻ ഒരുമ്പെട്ടവർ ഒരു ചെറുപ്പക്കാരന്റെ കുടുംബത്തോട് തീരാത്ത അപരാധമാണ് പ്രവർത്തിച്ചത്. അനാസ്ഥയും ഉത്തരവാദിത്വമില്ലായ്മയും ഓരോ ദിവസവും എത്രയോ പേരുടെ ജീവനെടുക്കുന്നുവെന്ന് ഓർക്കുന്നതുതന്നെ ഞെട്ടലുളവാക്കും.

TAGS: CABLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.